കുന്ദലഹള്ളി കേരളസമാജം മലയാള ദിനാഘോഷവും പ്രവേശനോത്സവവും സംഘടിപ്പിച്ചു
text_fieldsബംഗളൂരു: മലയാളത്തിലെ പ്രിയപ്പെട്ട കവികളായ ചങ്ങമ്പുഴയോടും പി. ഭാസ്കരൻ മാഷിനോടുമുള്ള ആദരസൂചകമായി കുന്ദലഹള്ളി കേരളസമാജം മലയാള ദിനാഘോഷം നടത്തി.ചങ്ങമ്പുഴയുടെ എഴുപത്തഞ്ചാം ചരമവാർഷികവും ഭാസ്കരൻ മാഷിന്റെ 99ാം ജന്മദിനാഘോഷവും ഒരുമിച്ചാണ് അവരുടെ കവിതകൾ ആലപിച്ചും പാട്ടുകൾ പാടിയും സമാജത്തിലെ കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള അംഗങ്ങൾ ആചരിച്ചത്.
മലയാളം മിഷന്റെ ഈ വർഷത്തെ ഭാഷാമയൂരം പുരസ്കാരം നേടിയ കർണാടക ചാപ്റ്റർ പ്രസിഡന്റ് ദാമോദരൻ മാഷിനെ ചടങ്ങിൽ ആദരിച്ചു. ഒപ്പം മലയാളം മിഷൻ കുട്ടികളുടെ പ്രവേശനോത്സവവും നടത്തി. തങ്ങളുടെ മാതൃഭാഷയായ മലയാളം വരുംതലമുറയിലെ കുട്ടികൾക്ക് പഠിപ്പിച്ചുകൊടുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി മാഷ് സദസ്സിനോട് സംസാരിച്ചു.
മലയാള മിഷനിലെ കുട്ടികളോട് സംവദിച്ചും നാടൻപാട്ടുകൾ പാടിയും മാഷ് പരിപാടിയിൽ നിറഞ്ഞുനിന്നു. സമാജം പ്രസിഡന്റ് മുരളി മണി, ജനറൽ സെക്രട്ടറി രജിത്ത് ചേനാരത്ത് എന്നിവർ പരിപാടിയിൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.