മലയാളം മിഷൻ പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsബംഗളൂരു: മലയാളം മിഷൻ മൂന്നാം പാഠ്യപദ്ധതിയായ ആമ്പൽ വിദ്യാർഥികൾക്കായി പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. 'കുന്നുകളുടെ കൂട്ടമരണം', 'ഒരു പാട്ട് പിന്നെയും' എന്നീ പാഠഭാഗങ്ങൾ അടിസ്ഥാനപ്പെടുത്തി പ്രകൃതിചൂഷണം നിരീക്ഷിച്ചുകൊണ്ടുള്ള പഠന ക്യാമ്പാണ് നോർത്ത് ബംഗളൂരുവിലെ ഹെസർഘട്ടയിൽ ഒരുക്കിയത്.
വനനശീകരണത്തിന്റെയും പ്രകൃതിചൂഷണത്തിന്റെയും ഉദാഹരണങ്ങൾ നേരിട്ട് മനസ്സിലാക്കാൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും അവസരമൊരുക്കി. തർബനഹള്ളി റെയിൽവേ പാലത്തിനോട് ചേർന്നുള്ള അർക്കാവതിപ്പുഴക്ക് സമീപം ചെറുവനത്തിൽവെച്ച് കിളികളുടെ കളകളാരവങ്ങളുടെയും ചീവീടുകളുടെ ചിലപ്പുകളുടെയും അകമ്പടിയോടെയായിരുന്നു ക്ലാസുകൾ സംഘടിപ്പിച്ചതെന്ന് മലയാളം മിഷൻ ഭാരവാഹികൾ പറഞ്ഞു. തുടർന്ന് ദുർഘടമായ പാതകളിലൂടെ ഏറെദൂരം നടന്ന് റാഗി വയലുകൾ താണ്ടി ഗ്രാമങ്ങൾ സന്ദർശിച്ചു.
മാതളനാരങ്ങ, നെല്ലിക്ക, പേരക്ക, സപ്പോട്ട തുടങ്ങിയവ കുട്ടികൾക്ക് കൈമാറി ഗ്രാമീണരുടെ സ്നേഹവും നന്മയും അനുഭവിക്കാൻ ക്യാമ്പിലൂടെ കഴിഞ്ഞു.
തുടർന്ന് 1962ൽ കുഴിച്ച ഭീമൻ കിണറിനെക്കുറിച്ച് ഉടമയുടെ ഹ്രസ്വ ക്ലാസ് കുട്ടികൾക്ക് ഏറെ കൗതുകമേകി. ഹെസർഘട്ട റിസർവോയറിലെ സൂര്യാസ്തമയവും സായാഹ്നഭംഗിയും ആസ്വദിച്ചു നിറമനസ്സോടെയാണ് ആമ്പൽക്കൂട്ടം മടങ്ങിയത്.
ദാമോദരൻ മാഷിന്റെ നിർദേശത്തിൽ ക്യാമ്പിന് ടോമി ജെ. ആലുങ്കൽ, ബുഷറ ടീച്ചർ, ആമ്പൽ കോഓഡിനേറ്റർ നൂർ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി. രണ്ടാമത്തെ ക്യാമ്പ് കൈരളി നികേതൻ സ്കൂളിൽ നടന്നു. ആമ്പൽ പഠന കേന്ദ്രങ്ങളിലെ കുട്ടികളും അധ്യാപകരും പങ്കെടുത്തു. കുട്ടികളെ നവംബർ മാസത്തിലെ പഠനോത്സവത്തിലേക്ക് തയാറാക്കുകയാണ് ക്യാമ്പിന്റെ മറ്റൊരു ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.