ഉഡുപ്പിയിലും മലയാളം മിഷൻ പ്രവർത്തനം തുടങ്ങി
text_fieldsബംഗളൂരു: ഉഡുപ്പി കേരള കൾച്ചറൽ ആൻഡ് സോഷ്യൽ സെന്ററിന്റെ നേതൃത്വത്തിൽ മലയാളം മിഷൻ ക്ലാസ് ആരംഭിച്ചു. മണിപ്പാൽ സിൻഡിക്കേറ്റ് സർക്കിളിനു സമീപത്തെ ഓഡിറ്റോറിയത്തിൽ നടന്ന കേരളപ്പിറവി ദിന-കന്നഡ രാജ്യോത്സവ ആഘോഷത്തിലായിരുന്നു ചടങ്ങ്. പരിപാടിയിൽ കെ.സി.എസ്.സി പ്രസിഡന്റ് സുഗുണകുമാർ അധ്യക്ഷത വഹിച്ചു. ഉഡുപ്പി , മണിപ്പാൽ പ്രദേശങ്ങളിൽ താമസിക്കുന്ന മലയാളി കുടുംബങ്ങൾ പങ്കെടുത്തു. വിവിധ പ്രാദേശിക ഭാഷ പഠനത്തിന്റെ സാധ്യതകളും സവിശേഷതകളും സംബന്ധിച്ച് വിദ്യാഭ്യാസ വിദഗ്ധരായ പ്രഫ. കെ.പി. റാവു, പ്രഫ. പാർവതി എയ്താൾ എന്നിവർ ക്ലാസെടുത്തു. സെക്രട്ടറി വി.സി. ബിനേഷ്, ഭാരവാഹികളായ മോഹൻകുമാർ രാജിമോൻ, മംഗളൂരു മലയാളി സമാജം പ്രസിഡന്റ് എസ്.കെ. കുട്ടി, സെക്രട്ടറി രെഞ്ചു, ഡോ. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. മംഗളൂരു, ഉഡുപ്പി, കുന്ദാപുര എന്നിവിടങ്ങളിൽ താമസിക്കുന്ന മലയാളികൾക്കിടയിൽ മലയാളം മിഷൻ പ്രവർത്തനം വ്യാപിപ്പിക്കാൻ യോഗം തീരുമാനിച്ചു.
കർണാടക ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ മലയാളികളുടെ പുതിയ തലമുറ മാതൃഭാഷ പഠിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും കുട്ടികൾക്കായി മാതൃക മലയാളം ക്ലാസ് എടുക്കുകയും ചെയ്തു. ഭാരവാഹികളായ ടോമി ആലുങ്ങൽ, ജോമോൻ സ്റ്റീഫൻ എന്നിവർ മലയാളം മിഷന്റെ പ്രവർത്തനം വിശദീകരിക്കുകയും തുടർപ്രവർത്തനങ്ങൾക്കുള്ള മാർഗനിർദേശം നൽകുകയും ചെയ്തു. കന്നഡ-തുളു ഭാഷ വിദഗ്ധനും അധ്യാപകനുമായ ഡോ. ഗണനാഥ ഷെട്ടിയുടെ നേതൃത്വത്തിൽ കന്നഡ ഭാഷ പഠനവും ഉഡുപ്പി കേരള കൾച്ചറൽ ആൻഡ് സോഷ്യൽ സെന്റർ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. മലയാളം ക്ലാസിനെ സംബന്ധിച്ചുള്ള വിവരങ്ങൾക്ക് ഉഡുപ്പി കെ.സി.എസ്.സി സെക്രട്ടറിയുമായി ബന്ധപ്പെടണം. ഫോൺ: 98800 25125.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.