കാറും ലോറിയും കൂട്ടിയിടിച്ച് ഏഴ് മലയാളി യാത്രക്കാർക്ക് പരിക്ക്
text_fieldsമംഗളൂരു: കുന്താപുരത്ത് ബുധനാഴ്ച മലയാളികള്‍ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാർ യാത്രക്കാരായ ഏഴുപേർക്ക് പരിക്ക്.
കൊല്ലൂർ മൂകാംബികയിലെയും പരിസര പ്രദേശങ്ങളിലെയും ക്ഷേത്ര ദർശനത്തിനായി പുറപ്പെട്ട പയ്യന്നൂർ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. പയ്യന്നൂർ തായിനേരി കൈലാസില്‍ നാരായണൻ, ഭാര്യ വത്സല, അയല്‍വാസി കൗസ്തുഭത്തില് മധു, ഭാര്യ അനിത, അന്നൂർ സ്വദേശി റിട്ട. അധ്യാപകൻ ഭാർഗവൻ, ഭാര്യ ചിത്രലേഖ, കാർ ഡ്രൈവർ ഫസില്‍ എന്നിവരാണ് അപകടത്തില്‍പെട്ടത്.
നാരായണൻ, ചിത്രലേഖ, വത്സല, അനിത എന്നിരെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ മൂന്ന് സ്ത്രീകളും ഐ.സി.യുവിലാണ്.
നാരായണൻ അപകടനില തരണം ചെയ്തു. മധുവിനെയും ഭാർഗവനെയും ഫസിലിനെയും കുന്താപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ദേശീയപാത 66ല്‍ ചണ്ഡിക ദുർഗപരമേശ്വരി ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. ദേശീയ പാതയില്‍ നിന്ന് കാർ ക്ഷേത്രത്തിലേക്ക് തിരിയാനായി പിറകോട്ട് എടുക്കുന്നതിനിടെ പിറകില്‍ നിന്ന് വരുകയായിരുന്ന മീൻ ലോറി ഇടിക്കുകയായിരുന്നു. മംഗളൂരു രജിസ്ട്രേഷനുള്ള ലോറിയാണ് വാഹനത്തില്‍ ഇടിച്ചത്. ചൊവ്വാഴ്ചയാണ് സംഘം പയ്യന്നൂരില്‍ നിന്ന് തീർഥാടനത്തിന് പുറപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.