ബംഗളൂരു-സേലം ദേശീയപാതയിൽ മലയാളി ദമ്പതികളെ കൊള്ളയടിച്ചു
text_fieldsബംഗളൂരു: ബംഗളൂരു-സേലം ദേശീയപാതയിൽ കാർ യാത്രികരായ മലയാളി ദമ്പതികളെ കൊള്ളയടിച്ചു. സർജാപുര റോഡിൽ ബിസിനസുകാരനായ ഇടുക്കി രാജകുമാരി സ്വദേശി ബേസിൽ എൻ. ടോമി (30), ഭാര്യ അഞ്ജു തോമസ് (27) എന്നിവരാണ് കവർച്ചക്കിരയായത്. ചൊവ്വാഴ്ച പുലർച്ച മൂന്നോടെ സേലത്തിന് ഏകദേശം 20 കിലോമീറ്റർ മുമ്പ് ദേവനപട്ടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. യാത്രക്കിടെ ബസ്സ്റ്റോപ്പിൽ വിശ്രമത്തിനായി കാർ നിർത്തിയപ്പോഴാണ് കവർച്ചസംഘം എത്തിയതെന്ന് ബേസിൽ പറഞ്ഞു.
‘ഹൈമാസ്റ്റ് ലൈറ്റുള്ള ബസ്സ്റ്റോപ് ആയതിനാൽ സുരക്ഷിതമെന്ന് കരുതിയാണ് കാർ നിർത്തിയത്. തിരിച്ചു കാറിൽ കയറാൻ നേരം ഒരു ബൈക്കിലായി നാലു പേർ എത്തി. എല്ലാവർക്കും ഇരുപതിനുള്ളിൽ പ്രായമേ തോന്നിച്ചിരുന്നുള്ളൂ. രണ്ടുപേർ മുഖംമൂടി ധരിച്ചിരുന്നു. ഒരാൾ വടിവാൾ വീശി ഞങ്ങളുടെ നേർക്കുവന്നു. മറ്റു മൂന്നുപേർ ബൈക്കിലിരുന്നു. പണം ആവശ്യപ്പെട്ടതോടെ പഴ്സ് നൽകി. പഴ്സിൽനിന്ന് പണമെടുത്തശേഷം തിരികെ തന്നു. കാറിൽവെച്ചിരുന്ന ഫോൺ എടുത്തശേഷം ഭാര്യയുടെ മാല ഊരി നൽകാൻ ആവശ്യപ്പെട്ടു.
മാല നൽകുന്നതിനിടെ പിന്നാലെ വന്ന ലോറിയുടെ വെളിച്ചം കണ്ട് പൊലീസാണെന്ന് തെറ്റിദ്ധരിച്ച കവർച്ചസംഘം രക്ഷപ്പെട്ടു.
വടിവാളുമായി നിന്നയാൾ സമീപത്തെ കുറ്റിക്കാട്ടിലേക്കാണ് ഓടിയത്. മറ്റുള്ളവർ ബൈക്കിലും രക്ഷപ്പെട്ടു. ഇതോടെ തങ്ങൾ കാറുമായി നാലു കിലോമീറ്റർ സഞ്ചരിച്ച് അടുത്ത ജങ്ഷനിലെത്തി ഹൈവേ പട്രോളിങ് പൊലീസിനെ വിവരമറിയിച്ചു. എന്നാൽ, അത്ര താൽപര്യമില്ലാത്ത മട്ടിലായിരുന്നു എസ്.ഐയുടെ പ്രതികരണം. സ്റ്റേഷനിലെത്തി പരാതി എഴുതി നൽകാമെന്ന് അറിയിച്ചെങ്കിലും പരാതി വേണ്ടെന്നും തങ്ങൾ അന്വേഷിച്ച് വിവരമറിയിച്ചോളാമെന്നുമായിരുന്നു പൊലീസിന്റെ മറുപടി. പേരിന് തന്റെ കൂടെ അവർ സംഭവസ്ഥലംവരെ വന്നുമടങ്ങുകയും ചെയ്തു. ഏഴു വർഷമായി താൻ ചുരുങ്ങിയത് ആഴ്ചയിലൊരിക്കലെങ്കിലും ഈ റൂട്ടിൽ യാത്ര ചെയ്യാറുണ്ടെന്നും ഇത്തരമൊരു സംഭവം ആദ്യമായാണെന്നും ബേസിൽ ചൂണ്ടിക്കാട്ടി. പൊലീസിൽനിന്ന് തുടർനടപടിയൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും ഈ റൂട്ടിൽ യാത്രചെയ്യുന്ന മലയാളി യാത്രക്കാരുടെ ശ്രദ്ധയിലേക്കായാണ് ഈ അനുഭവം പുറത്തറിയിക്കുന്നതെന്നും ബേസിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.