സ്കൂൾ കെട്ടിടത്തിൽനിന്ന് വീണ് മലയാളി വിദ്യാർഥിനി ഗുരുതരാവസ്ഥയിൽ
text_fieldsബംഗളൂരു: മലയാളി വിദ്യാർഥിനിയായ നാലു വയസ്സുകാരിക്ക് സ്കൂൾ കെട്ടിടത്തിൽനിന്ന് വീണ് ഗുരുതര പരിക്കേറ്റു. ഐ.ടി ജീവനക്കാരായ കോട്ടയം മണിമല കുറുപ്പൻ പറമ്പിൽ ജിറ്റോ ടോമി ജോസഫ്- ബിനീറ്റ ദമ്പതികളുടെ മകൾ ജിയന ആൻ ജിറ്റോയെയാണ് ഹെന്നൂരിലെ ഡൽഹി പ്രീ സ്കൂളിലെ കെട്ടിടത്തിൽനിന്ന് വീണു പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടി ഹെബ്ബാളിലെ ആസ്റ്റർ സി.എം.ഐ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.
സംഭവത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കൾ ഹെന്നൂർ പൊലീസിനും മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവർക്കും പരാതി നൽകി. സ്കൂൾ പ്രിൻസിപ്പലും മലയാളിയുമായ ചങ്ങനാശ്ശേരി സ്വദേശി തോമസിനെ ചോദ്യം ചെയ്യാനായി പൊലീസ് വിളിപ്പിച്ചു. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
തിങ്കളാഴ്ച ഉച്ചക്ക് ഹെന്നൂർ ചലിക്കരെ ഡൽഹി പ്രീ സ്കൂളിലാണ് സംഭവം. കളിക്കുന്നതിനിടെ കുട്ടി ചുമരിൽ തലയിടിച്ച് വീണെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. വിവരമറിയിച്ചതനുസരിച്ച് മാതാപിതാക്കൾ സ്കൂളിൽ എത്തിയപ്പോഴേക്കും കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആദ്യം സമീപത്തെ രണ്ടു ആശുപത്രികളിൽ കാണിച്ചെങ്കിലും പരിക്ക് ഗുരുതരമാണെന്ന് കണ്ടതോടെ ആസ്റ്ററിലേക്ക് മാറ്റുകയായിരുന്നു. ഉയരത്തിൽനിന്ന് വീണപ്പോഴുള്ള മാരകമായ പരിക്കുകളാണ് കുട്ടിയുടെ ദേഹത്തുണ്ടായതെന്ന് ഡോക്ടർമാർ പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു. സ്കൂളിലെ കുട്ടികളെ നോക്കുന്ന രണ്ടു ജീവനക്കാരികളെ പൊലീസ് ചോദ്യം ചെയ്തു. സി.സി.ടി.വി പരിശോധിച്ചെങ്കിലും കാമറ പ്രവർത്തിക്കാത്തതിനാൽ ദൃശ്യം ലഭിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.