ഹുൻസൂരിൽ ബസ് മറിഞ്ഞ് മലയാളി യുവാവ് മരിച്ചു
text_fieldsബംഗളൂരു: ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് പുറപ്പെട്ട സ്വകാര്യ ബസ് മൈസൂരു ഹുൻസൂർ ബണ്ണിക്കൊപ്പക്ക് സമീപം നിയന്ത്രണംവിട്ട് മറിഞ്ഞ് മലയാളി യുവാവ് മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. കോഴിക്കോട് രാമനാട്ടുകര കോളജ് റോഡിൽ കണ്ടംകുളത്തി ഹൗസിൽ അമൽ ഫ്രാങ്ക്ളിൻ (22) ആണ് മരിച്ചത്. സഹോദരൻ വിനയിനും (24) പരിക്കേറ്റു. ബംഗളൂരു-കോഴിക്കോട്-മഞ്ചേരി-പെരിന്തൽമണ്ണ റൂട്ടിൽ സർവിസ് നടത്തുന്ന എസ്.കെ.എസ് ട്രാവൽസിന്റെ എ.സി സ്ലീപ്പർ ബസാണ് വ്യാഴാഴ്ച രാത്രി 12ഓടെ അപകടത്തിൽപെട്ടത്. ബസ് മറിഞ്ഞതോടെ ഗ്ലാസ് തകർന്ന് പുറത്തുവീണ അമൽ ബസിനടിയിൽപെടുകയായിരുന്നു. മൈസൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ബാങ്ക് മാനേജറായ ഫ്രാങ്ക്ളിന്റെയും എൽ.ഐ.സി ഉദ്യോഗസ്ഥയായ പ്രീതയുടെയും മകനാണ് അമൽ. ബി.ടെക് വിദ്യാർഥിയായ അമൽ ബംഗളൂരുവിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കി മടങ്ങവെയാണ് വിധി അപകടത്തിന്റെ രൂപത്തിൽ ജീവനെടുത്തത്. പരിക്കേറ്റ മറ്റു യാത്രക്കാരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം മൈസൂരു കെ.ആർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം എ.ഐ.കെ.എം.സി.സി, മൈസൂരു കേരളസമാജം പ്രവർത്തകരുടെ സഹായത്തോടെ സ്വദേശത്തേക്ക് കൊണ്ടുപോയി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് തേഞ്ഞിപ്പാലം കോഹിനൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.