മംഗളൂരു വിമാന ദുരന്തം അനുസ്മരിച്ചു
text_fieldsമംഗളൂരു: മലയാളി യാത്രക്കാർ ഉൾപ്പെടെ 158 പേരുടെ ജീവൻ അപഹരിച്ച മംഗളൂരു വിമാന ദുരന്തദിനം ജില്ല ഭരണകൂടം അനുസ്മരിച്ചു. 2010 മേയ് 22നായിരുന്നു വൻ ദുരന്തം.
കുളൂർ-തണ്ണീർഭാവി റോഡിലെ പാർക്കിൽ സ്ഥിതിചെയ്യുന്ന വിമാന ദുരന്തത്തിൽ മരിച്ചവരുടെ സ്മൃതിമണ്ഡപത്തിൽ ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമീഷണർ മുള്ള്യ മുഹിളൻ, ജില്ല പൊലീസ് സൂപ്രണ്ട് സി.ബി. ഋഷ്യന്ത് തുടങ്ങിയവർ പുഷ്പചക്രം അർപ്പിച്ചു.ദുബൈ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള IX-812 നമ്പർ ബോയിങ് 337-800 എയർ ഇന്ത്യ വിമാനം രാവിലെ 6.30നായിരുന്നു റൺവേയിൽ മുത്തമിടുന്നതിന് മിനിറ്റുകൾക്കുമുമ്പ് തീപിടിച്ച് പൊട്ടിത്തെറിച്ചത്. മരിച്ചവരിൽ 52 യാത്രക്കാർ മലയാളികളായിരുന്നു. ആറ് ജീവനക്കാരും കൊല്ലപ്പെട്ടു. എട്ടുപേർ മാത്രമാണ് രക്ഷപ്പെട്ടത്. അപകടകാരണം ആദ്യം മനനം ചെയ്തെങ്കിലും പൈലറ്റ് ഉറങ്ങിപ്പോയതാണ് യഥാർഥ കാരണമെന്ന് പിന്നീട് കണ്ടെത്തി. ഔദ്യോഗിക രേഖകളിൽ ഒളിഞ്ഞുകിടന്ന അക്കാര്യം നാലുവർഷം മുമ്പ് കരിപ്പൂർ വിമാനത്താവള ദുരന്തം സംഭവിച്ച പശ്ചാത്തലത്തിൽ റിട്ട. എയർമാർഷൽ ഭുഷൺ നിൽകാന്ത് ഗോഖലെ വെളിപ്പെടുത്തിയിരുന്നു.
‘കരിപ്പൂർ വിമാന ദുരന്ത കാരണം മനനം ചെയ്യേണ്ട. ഡിജിറ്റൽ ഫ്ലൈറ്റ് ഡേറ്റ റെക്കോഡറും (ഡി.എഫ്.ഡി.ആർ), കോക്ക്പിറ്റ് വോയ്സ് റെക്കോഡറും (സി.വി. ആർ) വിവരങ്ങൾ കൃത്യമായി തരും. ഓർമയുണ്ടല്ലോ 2010 മേയ് മാസം മംഗളൂരുവിൽ സംഭവിച്ച 158 പേരുടെ ജീവനപഹരിച്ച വിമാന ദുരന്തം. പൈലറ്റ് ഉറങ്ങിപ്പോയതായിരുന്നു അപകട കാരണം’ -അതായിരുന്നു ഭുഷന്റെ വാക്കുകൾ. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് മംഗളൂരു ദുരന്തത്തെക്കുറിച്ച് അന്വേഷണം നടന്നത്.
മംഗളൂരുവിൽ വിമാനത്തിന് തീപിടിച്ച് കത്തിക്കരിഞ്ഞും ശ്വാസം മുട്ടിയുമായിരുന്നു മരണങ്ങൾ. സെർബിയക്കാരനായ സ്ലാട്കൊ ഗ്ലുസികൊ ആയിരുന്നു മംഗളൂരുവിൽ പൈലറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.