ബംഗളൂരു വെള്ളപ്പൊക്ക ഭീഷണിയിലെന്ന് മംഗളൂരു ഗവേഷകരുടെ പഠന റിപ്പോർട്ട്
text_fieldsബംഗളൂരു: കർണാടക തലസ്ഥാന നഗരം വൻ വെള്ളപ്പൊക്ക ഭീഷണിയിലെന്ന് പഠനം. ബംഗളൂരുവിൽ 87 ശതമാനം പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിന് സാധ്യതയെന്നാണ് മംഗളൂരു നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെയും മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജുക്കേഷനിലെയും ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. ഭൂവിനിയോഗത്തിലുണ്ടായ മാറ്റമാണ് ഈ അവസ്ഥക്ക് പ്രധാന കാരണമെന്നാണ് പഠനം പറയുന്നത്. മഴവെള്ളം മണ്ണിനടിയിലേക്കു പോകാൻ തടസ്സമുള്ളതാണ് വെള്ളപ്പൊക്ക സാഹചര്യം സൃഷ്ടിക്കുന്നത്.
ഇതിൽ 30 ശതമാനം പ്രദേശങ്ങൾ വെള്ളപ്പൊക്കത്തിന് ഏറ്റവും കൂടുതൽ സാധ്യതയുള്ളതായാണ് കണക്കാക്കുന്നത്. 57 ശതമാനം പ്രദേശങ്ങളിൽ സാധാരണരീതിയിലുള്ള വെള്ളപ്പൊക്കത്തിനാണ് സാധ്യത. 13 ശതമാനം പ്രദേശങ്ങൾ മാത്രമാണ് വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയില്ലാത്തതെന്നും പഠനം പറയുന്നു.
നഗരത്തിന്റെ പലഭാഗങ്ങളിലും വെള്ളം ഇറങ്ങിപ്പോകാനുള്ള സാഹചര്യമില്ല. ദ്രുതഗതിയിലുള്ള നഗരവത്കരണവും ആസൂത്രണമില്ലാതെയുള്ള നഗരവികസനവും വെള്ളപ്പൊക്കമുണ്ടാകാനുള്ള സാധ്യത വർധിപ്പിച്ചു. നഗരവത്കരണം കാരണം കോൺക്രീറ്റ് നടപ്പാതകളും പ്രതലവും വർധിച്ചു. അതിനാൽ കുറച്ചുസമയം മഴ പെയ്താൽപ്പോലും വെള്ളം പൊങ്ങുന്ന സാഹചര്യമാണ്.
ചെറിയതോതിലുള്ള വെള്ളപ്പൊക്കംപോലും ഇപ്പോൾ നഗരവാസികളെ ദുരിതത്തിലാക്കും. മഴവെള്ളം അഴുക്കുചാലുകളിലേക്ക് ഒഴുകിപ്പോകുന്നതിനുള്ള ദൂരം, ഭൂപ്രകൃതി, മണ്ണിന്റെ തരം എന്നിവയും വെള്ളപ്പൊക്കത്തിന് കാരണങ്ങളായി പറയപ്പെടുന്നു. നഗരവത്കരണം കാരണം മരങ്ങൾ നശിച്ചതും കാരണമാണ്. നഗരം വികസിപ്പിക്കുന്നതിനായി ഒട്ടേറെ മരങ്ങളാണ് ഇല്ലാതാക്കുന്നത്. ബംഗളൂരു നഗര ജില്ലയിലെ 635 ചതുരശ്ര കിലോമീറ്റർ പ്രദേശങ്ങളിലാണ് വെള്ളപ്പൊക്കത്തിന് കൂടുതൽ സാധ്യതയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.