മണിപ്പൂർ കലാപം: മലയാളികളെ നാട്ടിലെത്തിച്ച് നോർക്ക റൂട്ട്സ്
text_fieldsബംഗളൂരു: കലാപ സാഹചര്യം തുടരുന്ന മണിപ്പൂരിൽനിന്ന് വിദ്യാർഥികളെ ബംഗളൂരു വഴി നാട്ടിലെത്തിച്ചു. ഒമ്പതു വിദ്യാർഥികൾ തിങ്കളാഴ്ച രാത്രി 9.30ഓടെയാണ് ബംഗളൂരു വിമാനത്താവളത്തിൽ എത്തിയത്. ഇവരെ നാട്ടിലേക്ക് അയച്ചതായി ബാംഗ്ലൂർ നോർക്ക റൂട്ട്സ് ഓഫിസർ റീസ രഞ്ജിത് അറിയിച്ചു. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിൽനിന്നുള്ളവരാണിവർ. ഇംഫാലിൽ നിന്നുള്ള വിമാനടിക്കറ്റ് ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും നോർക്കയാണ് വഹിക്കുന്നതെന്ന് നോർക്ക റെസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.
ഒമ്പതു പേരിൽ നവനീത് ആർ, ഫാത്തിമ ദിൽന, റെനിയ എം.സി കോഴിക്കോട് വഴി മലപ്പുറത്തേക്കും റിതിൻ എസ്.ബി, അനൂപ് ആർ.എസ് കോഴിക്കോട്ടേക്കും അബ്ദുൽ ബാസിത് കെ.പി, ശ്യാംകുമാർ സുൽത്താൻബത്തേരി വഴി കണ്ണൂരിലേക്കും ആദിത്യ രവി വയനാട്ടിലേക്കും സഹല സി.എസ് പാലക്കാട്ടേക്കുമാണ് തിരിച്ചത്. ബംഗളൂരുവിൽനിന്ന് നാട്ടിലേക്കുള്ള ഇവരുടെ തുടർയാത്രക്ക് ബംഗളൂരുവിലെ കേരള ആർ.ടി.സി അധികൃതരാണ് സഹായം നൽകിയത്.
മലയാളികളെ സുരക്ഷിതരായി നാട്ടിലെത്തിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് നോർക്ക റൂട്ട്സ് സി.ഇ.ഒ കെ. ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു. കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ വിശദാംശങ്ങൾ ശേഖരിച്ചുവരുകയാണ്. ഇതിനോടകം സഹായമഭ്യർഥിച്ച് 54 പേർ ബന്ധപ്പെട്ടിട്ടുണ്ട്.
വിമാനമാർഗമോ അല്ലാതെയോ മണിപ്പൂരിൽനിന്ന് ഡൽഹി, ബംഗളൂരു വഴിയോ നേരിട്ടോ കേരളത്തിലെത്തിക്കാനാണ് ശ്രമം. മണിപ്പൂരിലെ മലയാളികളുടെ വിവരങ്ങൾ നോർക്ക റൂട്ട്സ് ഗ്ലോബൽ കോൺടാക്ട് സെന്ററിൽ ക്രമീകരിച്ചിരിക്കുന്ന ഹെൽപ് ലൈനിൽ അറിയിക്കേണ്ടതാണ്. ഇന്ത്യയില്‍നിന്നും 1800 425 3939, വിദേശത്തുനിന്നും +91-8802012345 (മിസ്ഡ് കാള്‍ സർവിസ്) വിവരങ്ങൾ നൽകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.