ബംഗളൂരുവിന്റെ സീൻ മാറ്റിയ സിങ്
text_fieldsബംഗളൂരു: മെട്രോ മുതൽ എയർപോർട്ട് വരെ ബംഗളൂരുവിനെ ആഗോള നഗരമെന്ന നിലയിലേക്ക് മാറ്റിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചയാളാണ് കഴിഞ്ഞ ദിവസം അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്.
നഗരത്തിന്റെ പ്രധാനപ്പെട്ട ഗതാഗത അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലെല്ലാം അദ്ദേഹത്തിന്റെ കൈയൊപ്പുണ്ട്. ദക്ഷിണേന്ത്യയിലെ തന്നെ പ്രധാന ഹബ്ബായി മാറിയ ബംഗളൂരു കോംപഗൗഡ ഇന്റർനാഷനൽ എയർപോർട്ട് 2008 മേയ് നാലിന് മൻമോഹൻ സിങ്ങാണ് ഉദ്ഘാടനം ചെയ്യുന്നത്. മൂന്ന് വർഷത്തിനകം മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു.
2011 നവംബർ 20നായിരുന്നു നമ്മ മെട്രോയുടെ ആദ്യഘട്ടമായ ബയ്യപ്പനഹള്ളി മുതൽ എം.ജി റോഡ് വരെയുള്ള റീച്ച് മൻമോഹൻ സിങ് ഫ്ലാഗ് ഓഫ് ചെയ്യുന്നത്. പ്രധാനമന്ത്രി പദമൊഴിഞ്ഞതിനു ശേഷം 2017ലാണ് അദ്ദേഹം ബംഗളൂരുവിലെ ഡോ. ബി.ആർ അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ് യൂനിവേഴ്സിറ്റി ഉദ്ഘാടനം ചെയ്യുന്നത്.
1991ൽ ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വെച്ച് രാജ്യത്തിന്റെ സാമ്പത്തിക ഭാവിയെക്കുറിച്ച് തന്റെ ദീർഘ വീക്ഷണത്തോടെ അദ്ദേഹം നടത്തിയ പ്രസംഗവും ശ്രദ്ധേയമാണ്.
മൻമോഹൻ സിങ്ങിന്റെ ദീർഘ വീക്ഷണവും അഗാധമായ പാണ്ഡിത്യവും അദ്ദേഹം നടപ്പാക്കിയ പദ്ധതികളും നിയമനിർമാണവും കർണാടകയിൽ ക്ഷേമ പദ്ധതികൾ രൂപവത്കരിക്കുന്നതിലും വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിലും തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു.
സിങ് പ്രധാനമന്ത്രി പദത്തിലിരുന്ന ഇരു പാദങ്ങളിലും സംസ്ഥാനത്തിന്റെ വികസനത്തിന് നിർണായകമായ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് കർണാടക വഖഫ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സമീർ അഹമ്മദ് ഖാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.