കർണാടകയിൽ മാവോവാദി പോരാട്ട തുടക്കം ബിദറിൽ
text_fieldsബംഗളൂരു: ആറ് മാവോവാദി പ്രവർത്തകരുടെ കീഴടങ്ങലോടെ കർണാടകയിലെ മാവോവാദി സാന്നിധ്യം അവസാനിക്കുമ്പോൾ സംസ്ഥാനത്തിന്റെ വടക്കേ അറ്റത്തുനിന്ന് തുടങ്ങി തെക്കേ അറ്റംവരെ തുടർന്ന വർഷങ്ങൾ നീണ്ട സായുധ പോരാട്ടത്തിന്റെ ചരിത്രംകൂടിയാണത്. പഴയ ആന്ധ്രയുടെയും ഇപ്പോഴത്തെ തെലങ്കാനയുടെയും അതിർത്തിയോട് ചേർന്ന ബിദറിലാണ് കർണാടകയിലെ മാവോവാദി മൂവ്മെന്റിന്റെ തുടക്കം.
നക്സൽ പോരാട്ടം സജീവമായ തെലങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളോട് ചേർന്നുകിടക്കുന്ന ഈ മേഖലയിലേക്ക് ആദ്യം കടന്നുവന്ന സായുധ പോരാളികൾ പിന്നീട് പഴയ ഹൈദരാബാദ് കർണാടക മേഖലയിലെ കലബുറഗി, റായ്ച്ചൂർ ജില്ലകളിലും സാന്നിധ്യം സജീവമാക്കി. ആന്ധ്രയിലേക്കും തെലങ്കാനയിലേക്കും ഒരുപോലെ ഒളിച്ചുകടക്കാവുന്ന റായ്ച്ചൂർ ഒരു ദശകത്തിലേറെ കാലം കർണാടകയിലെ മാവോവാദി പോരാട്ടഭൂമിയായിരുന്നു. ആദിവാസികളും ദലിതരുമടക്കം കർണാടകയിൽ ഏറ്റവുമധികം പിന്നാക്കവിഭാഗക്കാർ താമസിക്കുന്ന പ്രദേശം കൂടിയാണ് റായ്ച്ചൂർ. ഇടതുപ്രസ്ഥാനങ്ങൾക്കും വേരോട്ടമുള്ള മണ്ണ്.
ബംഗളൂരുവിൽ മുഖ്യമന്ത്രിയുടെ വസതിയിലെത്തി കീഴടങ്ങിയ മാവോവാദി പ്രവർത്തകർ തങ്ങളുടെ യൂനിഫോമും കീഴടങ്ങാനുള്ള സമ്മതപത്രവും മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കൈമാറുന്നുഎന്നാൽ, ബിദർ, കലബുറഗി, റായ്ച്ചൂർ മേഖലകളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകത നിബിഡ വനങ്ങൾ കുറവാണെന്നതാണ്. ഇത് മാവോവാദി പ്രവർത്തകർക്ക് പലപ്പോഴും അപകട ഭീഷണിയായി. അങ്ങനെ തുറന്ന ഭൂമിയിലെ സായുധ പോരാട്ടം അവസാനിപ്പിച്ച് നിബിഡ വനങ്ങളിലേക്ക് ചേക്കേറാൻ തീരുമാനിക്കുന്നതോടെയാണ് കർണാടകയുടെ ദക്ഷിണ മേഖലയിലേക്ക് മാവോവാദി സാന്നിധ്യമെത്തുന്നത്.
ശിവമൊഗ്ഗ, ചിക്കമഗളൂരു, കുടക്, ഉടുപ്പി, ദക്ഷിണ കന്നട, ഉത്തര കന്നട, ചാമരാജ് നഗർ തുടങ്ങിയ ജില്ലകളിൽപടർന്നു കിടക്കുന്ന പശ്ചിമഘട്ട മലനിരകളും നിബിഡ വനങ്ങളുമാണ് മാവോവാദികൾക്ക് പിന്നീട് ഒളിത്താവളമായത്. കേരളത്തോടും തമിഴ്നാടിനോടും അതിർത്തി പങ്കിടുന്നെന്നതും ഈ മേഖലയിലെ ദളങ്ങളുമായി ചേർന്ന് പ്രവർത്തിക്കാനാവുമെന്നതും അനുകൂല ഘടകങ്ങളായി. ഈ മേഖലയിൽ വിവിധ പൗരാവകാശ മൂവ്മെന്റുകളിൽ സജീവമായിരുന്ന പലരും ഇതോടെ മാവോവാദി ഗ്രൂപ്പിലേക്ക് ചേക്കേറി.
2002ൽ കൊപ്പ മനസിനഹാദയ വില്ലേജിന് സമീപം വനത്തിൽ മാവോവാദി പ്രവർത്തകർ തോക്കുപയോഗിച്ച് പരിശീലനം നടത്തവെ, ചീരമ്മ എന്ന വനിതക്ക് വെടിയേറ്റതിനെ തുടർന്നാണ് ഇതുസംബന്ധിച്ച വിവരം പുറംലോകമറിയുന്നത്. വെടിയേറ്റ ചീരമ്മയെ വൈദ്യസഹായത്തിനായി ആശുപത്രിയിലെത്തിച്ചിരുന്നു. പിന്നീട്, കുദ്രെമുഖ് ദേശീയോദ്യാനത്തിന്റെ വ്യാപ്തി വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരായ സമരം മാവോവാദികൾക്ക് കാര്യമായ വോരോട്ടം നൽകി.
ദേശീയോദ്യാനം വികസിപ്പിക്കുന്നതിന്റെ പേരിൽ ആദിവാസികളെ കുടിയിറക്കാനുള്ള നീക്കത്തിനെതിരെ ശബ്ദമുയർന്നു. 2005ലാണ് ആദ്യ ഏറ്റുമുട്ടൽ കൊലപാതകം ഈ മേഖലയിൽ നടക്കുന്നത്. മാവോവാദി നേതാക്കളായ സാകേത് രാജനും ശിവലിംഗുവും പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഇതിനിടെ പലപ്പോഴും കർണാടക സർക്കാറിന്റെ പുനരധിവാസ പദ്ധതി അംഗീകരിച്ച് പല നേതാക്കളും കാട്ടിൽനിന്ന് ആയുധം അടിയറവെച്ച് പുറത്തിറങ്ങി. ഹിന്ദുത്വ തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് സർക്കാർ മാവോവാദികളുമായി ചർച്ചക്ക് സർക്കാർ നിയോഗിച്ചസമിതിയിലുണ്ടായിരുന്നു.
ഗൗരിയുടെ കൊലപാതകത്തിനു പിന്നിൽ നക്സലുകളാണെന്ന് ബി.ജെ.പി നേതാക്കൾ ആദ്യം ആരോപണമുയർത്തിയിരുന്നു. കേരളത്തിലും മാവോവാദി വേട്ട സജീവമായതോടെ സായുധ പോരാട്ടം പ്രയാസകരമായി മാറി. കഴിഞ്ഞ നവംബർ 18ന് മറ്റൊരു നേതാവ് വിക്രം ഗൗഡ കൂടി കൊല്ലപ്പെട്ടു. അംഗങ്ങളുടെ എണ്ണം കുറഞ്ഞുവന്നതും ആരോഗ്യ പ്രശ്നങ്ങളും മാവോവാദി പ്രവർത്തകരെ കീഴടങ്ങുന്നതിന് പ്രേരിപ്പിച്ചു. സർക്കാർ നിയോഗിച്ച സമിതിയുടെ ഭാഗത്തുനിന്ന് ഊർജിതമായ ചർച്ചയും നടന്നതോടെ അവശേഷിക്കുന്ന പ്രവർത്തകർ കൂടി കാടൊഴിയുകയായിരുന്നു.
കീഴടങ്ങിയ ആറുപേരെ കൂടാതെ കർണാടക സ്വദേശിയായ രവി എന്ന മറ്റൊരു മാവോവാദി പ്രവർത്തകൻ കൂടി സംഘത്തിലുണ്ടായിരുന്നു. ഇദ്ദേഹം അൽപകാലം മുമ്പ് സംഘത്തിൽനിന്നു വിട്ടുപോയി. ഇദ്ദേഹത്തെ കണ്ടെത്താൻ സമിതി ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ആറുപേരും ബുധനാഴ്ച ചിക്കമഗളൂരുവിൽ കീഴടങ്ങാനായിരുന്നു ആദ്യ ധാരണ. എന്നാൽ, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അഭ്യർഥന പ്രകാരം വാഹനങ്ങൾ നേരെ ബംഗളൂരുവിലേക്ക് തിരിച്ചുവിടുകയായിരുന്നു.
മുഖ്യമന്ത്രിയുടെ വസതിയായ കൃഷ്ണയിൽനടന്ന ചടങ്ങിൽ പൂക്കളും ഭരണഘടനയും നൽകി സിദ്ധരാമയ്യ മാവോവാദി പ്രവർത്തകരെ സ്വീകരിച്ചു. മാവോവാദി പ്രവർത്തകർ തങ്ങളുടെ യൂനിഫോമും കീഴടങ്ങാനുള സമ്മതപത്രവും മുഖ്യമന്ത്രിക്ക് കൈമാറി. ആഭ്യന്തരമന്ത്രി ജി. പരമേശ്വര, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.