ആറു മാവോവാദികൾ ഇന്നു കീഴടങ്ങിയേക്കും
text_fieldsമംഗളൂരു: വനിത കേഡർ ഉൾപ്പെടെ ആറ് മാവോവാദികൾ ബുധനാഴ്ച ചിക്കമഗളൂരു ജില്ല ഭരണകൂടത്തിനു മുന്നിൽ ആയുധം വെച്ച് കീഴടങ്ങുമെന്ന് സൂചന. മാവോവാദികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അക്രമം ഉപേക്ഷിക്കാനും ജില്ല ഭരണകൂടം രൂപവത്കരിച്ച സമിതിയുടെ ശ്രമത്തിന്റെ ഫലമാണ് പ്രതീക്ഷിക്കുന്ന കീഴടങ്ങൽ.
സമിതി അംഗങ്ങൾ വനത്തിനുള്ളിൽ മാവോവാദികളുമായി ചർച്ച നടത്തുകയും അവരെ സർക്കാർ നിലപാട് ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. ചിക്കമഗളൂരു ശൃംഗേരി മുണ്ടുഗാരു സ്വദേശിനി മുണ്ടുഗാരു ലത, കലസ ബലഹോളെ സ്വദേശിനി വനജാക്ഷി, ദക്ഷിണ കന്നട കുത്തലൂർ സ്വദേശിനി സുന്ദരി, കർണാടക അരോളി സ്വദേശി മാരേപ്പ അരോളി, തമിഴ്നാട് സ്വദേശി വസന്ത്, മലയാളിയായ എൻ. ജിഷ എന്നിവർ കീഴടങ്ങുമെന്ന് പ്രതീക്ഷിക്കുന്നവരിൽ ഉൾപ്പെടുന്നു. കഴിഞ്ഞ നവംബർ 18ന് ഉടുപ്പി ഹെബ്രി പീഡബെയിൽ വില്ലേജിൽ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ മാവോവാദി നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടിരുന്നു. മുൻ മാവോവാദികൾ നൂർ സുൽഫിക്കർ, ശ്രീധർ, ജില്ല കമ്മിറ്റി അംഗങ്ങൾ, പൗരന്മാരുടെ കൂട്ടായ്മയായ ശാന്തിഗാഗി നാഗരിക വേദികെ, ജില്ല ഡെപ്യൂട്ടി കമീഷണർ മീന നാഗരാജ്, എസ്.പി വിക്രം ആംതെ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇവർ കീഴടങ്ങുക.
കൈയേറ്റങ്ങൾ ഒഴിപ്പിക്കൽ, പശ്ചിമഘട്ടത്തെക്കുറിച്ചുള്ള കസ്തൂരിരംഗൻ റിപ്പോർട്ട് തള്ളിക്കളയൽ, വിക്രം ഗൗഡയുടെ ഏറ്റുമുട്ടൽ, മരണത്തിൽ ജുഡീഷ്യൽ അന്വേഷണം, ഇപ്പോൾ ജയിലിൽ കഴിയുന്ന മാവോവാദികൾക്ക് പുനരധിവാസ പാക്കേജ് എന്നിവ നക്സലുകൾ ഉന്നയിച്ച ആവശ്യങ്ങളിൽ ഉൾപ്പെടുന്നു. ചില ആവശ്യങ്ങൾ സർക്കാറിന്റെ മുന്നിലുണ്ടെന്നും ചിലത് ചർച്ച ചെയ്യാനുണ്ടെന്നും ശാന്തിഗാഗി നാഗരിക വേദികെയുടെ കെ.എൽ. അശോക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.