കടൽ ആംബുലൻസുകൾ വരുന്നു; പുലരുന്നത് രാഹുലിന്റെ ഉറപ്പ്
text_fieldsബംഗളൂരു: കടലിൽ അപകടത്തിൽപ്പെടുന്ന മീൻപിടിത്തക്കാരെ എളുപ്പത്തിൽ കരക്കെത്തിക്കാൻ അടിയന്തര ചികിത്സ ഉപകരണങ്ങൾ ഘടിപ്പിച്ച മൂന്ന് ആംബുലൻസുകൾ സജ്ജീകരിക്കാൻ മത്സ്യബന്ധന വകുപ്പ് ടെൻഡർ ക്ഷണിച്ചു. അതിവേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ബോട്ടാണ് കടൽ ആംബുലൻസായി ഒരുക്കുക. ഓരോ ആംബുലൻസിലും അഞ്ചുപേരെ കരയിലേക്ക് കൊണ്ടുവരാനാകും.
ഇ.സി.ജി മെഷീൻ, പൾസ് ഓക്സിമീറ്റർ, ഓക്സിജൻ സിലിണ്ടർ, ശീതീകരിച്ച മോർച്ചറി യൂനിറ്റ് തുടങ്ങിയവയുണ്ടാകും. ദക്ഷിണ കന്നടയിലെ മംഗളൂരു, ഉഡുപ്പിയിലെ മാൽപെ, ഉത്തര കന്നടയിലെ തദഡി തുറമുഖങ്ങളിലേക്കാണ് കടൽ ആംബുലൻസുകൾ പ്രവർത്തന സജ്ജമാക്കാൻ വകുപ്പ് ലക്ഷ്യമിട്ടിട്ടുള്ളത്. മൂന്നുമാസത്തിനുള്ളിൽ ഈ തുറമുഖങ്ങളിൽ കടൽ ആംബുലൻസുകളെത്തും. മത്സ്യത്തൊഴിലാളികൾ വർഷങ്ങളായി ഉയർത്തുന്ന ആവശ്യമാണിത്. സംസ്ഥാനത്തിന്റെ ഈ വർഷത്തെ ബജറ്റിൽ കടൽ ആംബുലൻസിന് ഏഴുകോടി രൂപ വകയിരുത്തിയിരുന്നു. മത്സ്യത്തൊഴിലാളികൾക്ക് ആരോഗ്യ പ്രശ്നമുണ്ടാകുമ്പോഴും കടലിൽ അപകടമുണ്ടാകുമ്പോഴും അടിയന്തരമായി കരക്കെത്തിക്കാൻ ലക്ഷ്യമിട്ടാണിത്.
കഴിഞ്ഞവർഷം നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനെത്തിയ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കടലോരമേഖലയിലെ ജനങ്ങൾക്ക് കൊടുത്ത വാഗ്ദാനമായിരുന്നു കടൽ ആംബുലൻസുകൾ. ഉഡുപ്പിയിൽ മീൻപിടിത്ത തൊഴിലാളികളുമായി രാഹുൽ ഗാന്ധി നടത്തിയ സംവാദത്തിലായിരുന്നു വാഗ്ദാനം നൽകിയത്. കടൽ ആംബുലൻസ് വേണമെന്ന് തൊഴിലാളികൾ ആവശ്യമുയർത്തിയതിനെത്തുടർന്നായിരുന്നു ഇത്. കടലിൽ അപകടമുണ്ടാകുമ്പോൾ പരിക്കേറ്റവരെ കരയിലെത്തിക്കുമ്പോഴേക്കും ജീവൻ നഷ്ടപ്പെടുന്ന സംഭവങ്ങൾ പലപ്പോഴും ഉണ്ടാകാറുണ്ട്. കടൽ ആംബുലൻസ് വരുന്നതോടെ പരിഹാരമാകുമെന്ന് തൊഴിലാളികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.