എ.ഐ.കെ.എം.സി.സിയുടെ കരുതലിൽ 81 യുവമിഥുനങ്ങൾക്ക് ഇന്ന് മാംഗല്യം
text_fieldsബംഗളൂരു: ഓൾ ഇന്ത്യ കെ.എം.സി.സി ബംഗളൂരു സെന്‍ട്രല്‍ കമ്മിറ്റിയുടെ ആറാമത് സമൂഹ വിവാഹം ഞായറാഴ്ച നടക്കും. രാവിലെ 10ന് ശിവാജി നഗര്‍ ഖുദ്ദൂസ് സാഹിബ് ഈദ്ഗാഹ് മൈതാനിയില്‍ തുടങ്ങുന്ന ചടങ്ങ് മുസ്ലിം ലീഗ് കേരള പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. മുസ്ലിം ലീഗ് ദേശീയ അധ്യക്ഷന്‍ പ്രഫ. കെ.എം. ഖാദര്‍ മൊയ്തീന് മുഖ്യാതിഥിയാകും.
മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. കർണാടക ഗതാഗത മന്ത്രി ആര്. രാമലിംഗ റെഡ്ഡി, ആഭ്യന്തര മന്ത്രി ജി. പരമേശ്വര, എം.എല്‍.എമാരായ എന്‍.എ. ഹാരിസ്, റിസ്വാന് അര്‍ഷദ്, ഡോ. ഉദയ് ബി. ഗരുഡാചാര്‍, മുസ്ലിം ലീഗ് ദേശീയ-സംസ്ഥാന നേതാക്കളായ പി.എം.എ. സലാം, കെ.പി.എ. മജീദ് എം.എല്‍.എ, സിറാജ് ഇബ്രാഹീം സേട്ട്, ഖുറം അനീസ് ഉമര്‍, പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍, അബ്ദുറഹ്മാന് രണ്ടത്താണി, അഡ്വ. ഫൈസല്‍ ബാബു, ഡോ. എന്‍.എ. മുഹമ്മദ്, യൂത്ത് കോണ്‍ഗ്രസ് കർണാടക പ്രസിഡന്റ് മുഹമ്മദ് നാലപ്പാട്, പി.സി. ജാഫര്‍ ഐ.എ.എസ്, ഷാഹിദ് തിരുവള്ളൂര്‍ ഐ.എ.എസ്, ഇബ്രാഹീം അടൂര്‍, വ്യവസായ പ്രമുഖരായ സഫാരി സൈനുല്‍ ആബിദീന്‍, നരിക്കോളി ഹമീദ് തുടങ്ങിയവര്‍ സംബന്ധിക്കും.
81 യുവമിഥുനങ്ങളുടെ മംഗല്യസ്വപ്നം പൂവണിയുന്ന ചടങ്ങിനായി ഖുദ്ദൂസ് സാഹബ് ഈദ് ഗാഹ് മൈതാനി സജ്ജമായതായി ഭാരവാഹികൾ അറിയിച്ചു. അഞ്ചു സീസണുകളിലായി 363 യുവമിഥുനങ്ങളുടെ ദാമ്പത്യ സ്വപ്നങ്ങള്‍ക്ക് ഇതിനകം വേദിയൊരുക്കി. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ആറ് കുടുംബങ്ങളുടെ വിവാഹം ഹൈന്ദവ മതാചാര പ്രകാരം മതപുരോഹിതന്മാരുടെ നേതൃത്വത്തില്‍ പ്രദേശിക ആരാധനാലയങ്ങളില്‍ കഴിഞ്ഞ ദിവസം നടന്നു. ഇതോടനുബന്ധിച്ചുള്ള വിവാഹസല്‍ക്കാരവും ഞായറാഴ്ച നടക്കും. പതിനായിരത്തോളം ആളുകള്‍ ചടങ്ങില്‍ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.