ആറുകോടിയുടെ എം.ഡി.എം.എയുമായി നൈജീരിയൻ പൗരൻ അറസ്റ്റിൽ
text_fieldsമംഗളൂരു: കേരള-കർണാടക സംസ്ഥാനങ്ങളിൽ മാരക രാസലഹരിയായ എം.ഡി.എം.എ വിതരണത്തിന്റെ മൂല ഉറവിടം കണ്ടെത്തി മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് പൊലീസ്. 6.310 കിലോഗ്രാം എം.ഡി.എം.എയുമായി നൈജീരിയൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു.
പിടികൂടിയ മയക്കുമരുന്നിന് ആറ് കോടി രൂപ വില വരും. ബംഗളൂരു ഗോവിന്ദ റെഡ്ഡി ലേഔട്ടിൽ താമസിക്കുന്ന പീറ്റർ ഇ.കെ.ഡി ബെലോൺവുവാണ്(38) അറസ്റ്റിലായതെന്ന് മംഗളൂരു സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാൾ പറഞ്ഞു.
മംഗളൂരു പമ്പുവെൽ സർക്കിളിലെ ലോഡ്ജിൽ നിന്ന് ഹൈദർ എന്ന ഹൈദർ അലിയെ(51) കഴിഞ്ഞ മാസം 29ന് 15 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് ലഭ്യമായ വിവരങ്ങൾ പിന്തുടർന്നാണ് മംഗളൂരു സി.സി.ബി സംഘം നൈജീരിയൻ പൗരനിൽ എത്തിയത്.
അയാളുടെ സങ്കേതത്തിൽ നടത്തിയ പരിശോധനയിൽ വൻ രാസലഹരി ശേഖരം കണ്ടെത്തുകയായിരുന്നു. മൂന്ന് മൊബൈൽ ഫോണുകൾ, ഡിജിറ്റൽ അളവ് ഉപകരണം, 35എ.ടി.എം /ഡെബിറ്റ് കാർഡുകൾ, പ്രവർത്തനരഹിതമായ 17 സിം കാർഡുകൾ, വിവിധ ബാങ്കുകളുടെ 10 പാസ് ബുക്കുകൾ എന്നിവയും കസ്റ്റഡിയിലെടുത്തു.
മയക്കുമരുന്ന് വേട്ട നടത്തിയ മംഗളൂരു സി.സി.ബി സംഘത്തിന് കർണാടക ഡി.ജി.പി അലോക് മോഹൻ ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
ഡെപ്യൂട്ടി പൊലീസ് കമീഷണർമാരായ സിദ്ധാർഥ് ഗോയൽ, ബി.പി. ദിനേശ് കുമാർ, അസി.പൊലീസ് കമീഷണർ മനോജ് കുമാർ നായിക്, ഇൻസ്പെക്ടർ എച്ച്.എം. ശ്യാംസുന്ദർ, എസ്.ഐമാരായ എം.വി.സുധീപ്, ശരണപ്പ ഭണ്ഡാരി, നരേന്ദ്ര എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പീറ്ററിനെതിരെ കേരളത്തിലും കർണാടകയിലും എം.ഡി.എം.എ വിപണനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ബംഗളൂരു വിദ്യാരണ്യപുര പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.