മാധ്യമ പ്രവർത്തക സ്വാതി ചന്ദ്രശേഖർ കോൺഗ്രസ് വക്താവ്
text_fieldsബംഗളൂരു: ബി.ജെ.പി ബന്ധമൊഴിഞ്ഞ് കഴിഞ്ഞദിവസം കോൺഗ്രസിലെത്തിയ മാധ്യമ പ്രവർത്തക സ്വാതി ചന്ദ്രശേഖറിനെ പാർട്ടി വക്താവായി നിയമിച്ചു. ടി.വി 5 ന്യൂസിന്റെ ഡൽഹി ബ്യൂറോ ഹെഡായ സ്വാതി, മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും പിന്തുണ നൽകിയിരുന്നയാളാണ്. ബംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ബുധനാഴ്ചയാണ് ബി.ജെ.പി എം.പിയായ കാരാടി സംഗണ്ണ, മൂന്നു തവണ എം.എൽ.എയായ ശിവപുത്ര മലാഗി എന്നിവരടക്കമുള്ള നേതാക്കൾക്കൊപ്പം സ്വാതിയും കോൺഗ്രസിൽ ചേർന്നത്.
ബംഗളൂരുവിലെ കെ.പി.സി.സി ആസ്ഥാനമായ ഭാരത് ജോഡോ ഭവനിൽനടന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രിയും കർണാടക കോൺഗ്രസ് അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. എന്നാൽ, പാർട്ടിയിൽ ചേർന്നയുടൻ സ്വാതി ചന്ദ്രശേഖറിനെ കോൺഗ്രസ് വക്താവാക്കിയതിനോടുള്ള വിയോജിപ്പ് പലരും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. ആർ.എസ്.എസിനെയും ബി.ജെ.പിയെയും പിന്തുണച്ചുവന്നയാളെ ഉടൻ വക്താവായി നിയമിക്കുന്നതിലെ സാംഗത്യമാണ് മിക്കവരും ചൂണ്ടിക്കാട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.