‘മെഡിക്കല്‍ ക്യാമ്പുകള്‍ ജീവിതശൈലി രോഗങ്ങള്‍ കണ്ടെത്താന്‍ സഹായിക്കും’
text_fieldsബംഗളൂരു: സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന മെഡിക്കല്‍ ക്യാമ്പുകള്‍ ജീവിത ശൈലി രോഗങ്ങള്‍ കണ്ടെത്താന്‍ സഹായകമാണെന്ന് സിദ്ധാപുര എ.സി.പി മോഹന്‍ ഡി. പട്ടേല്‍ പറഞ്ഞു. ആറാമത് സമൂഹ വിവാഹത്തോടനുബന്ധിച്ച് എ.ഐ.കെ.എം.സി.സി ബംഗളൂരു സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യൂമാനിറ്റിയില്‍ നടത്തിയ സൗജന്യ മെഡിക്കല്‍-നേത്ര പരിശോധന ക്യാമ്പും രക്തദാന ക്യാമ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇക്കാലത്ത് ജീവിത ശൈലി രോഗങ്ങള്‍ വർധിക്കുകയാണ്. പക്ഷാഘാതം, നാഡീ സംബന്ധമായ രോഗങ്ങള്‍, രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് മൂലമുണ്ടാകുന്ന രോഗങ്ങള്‍, കരൾ രോഗങ്ങള്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തി ചികിത്സിക്കാത്തതുമൂലമാണ് ഉണ്ടാകുന്നത്. മെഡിക്കല്‍ ക്യാമ്പുകളിലൂടെ ഇത്തരം രോഗങ്ങള്‍ നേരത്തെ കണ്ടെത്താനും ചികിത്സകളിലൂടെ മാറ്റിയെടുക്കാനും സാധിക്കുമെന്ന് എ.സി.പി മോഹന്‍ ഡി. പട്ടേല്‍ പറഞ്ഞു.
ഡിസ്കോപ് മള്‍ട്ടി സ്പെഷാലിറ്റി ഹെല്‍ത്ത്കെയര്‍ സെന്റര്‍ ആൻഡ് ലാബ്സുമായി സഹകരിച്ച് നടത്തിയ ക്യാമ്പില്‍ ജീവിതശൈലി രോഗങ്ങളുമായി ബന്ധപ്പെട്ട പന്ത്രണ്ടോളം പരിശോധനകളാണ് സൗജന്യമായി നടത്തിയത്. എ.ഐ.കെ.എം.സി.സി ഭാരവാഹികളായ നാസര്‍ നീലസാന്ദ്ര, വി.കെ. നാസര്‍ ഹാജി, അബ്ദുല്ല മാവള്ളി, റഷീദ് മൗലവി, ടി.സി. മുനീര്‍ എന്നിവർ ക്യാമ്പിന് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.