എം.എൽ.എമാരെ കേൾക്കാൻ ഇനി മാസന്തോറും യോഗം
text_fieldsബംഗളൂരു: എം.എൽ.എമാരുടെ നിർദേശങ്ങൾ കേൾക്കാനും അതൃപ്തി പരിഹരിക്കാനും ഇനിമുതൽ എല്ലാ മാസവും ജില്ലതല യോഗങ്ങൾ വിളിക്കും. കോൺഗ്രസ് നിയമസഭ കക്ഷിയോഗത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം അറിയിച്ചത്. തങ്ങളുടെ മണ്ഡലങ്ങളിലെ വികസനപ്രവൃത്തികൾക്കായി ഫണ്ട് ലഭ്യമാക്കാൻ മന്ത്രിമാർ സഹകരിക്കുന്നില്ലെന്ന് എം.എൽ.എമാർക്ക് പരാതിയുണ്ട്. ഇതുസംബന്ധിച്ച് 11 എം.എൽ.എമാർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നുവെങ്കിലും പിന്നീട് ഇക്കാര്യം അവർ നിഷേധിച്ചു.
എം.എൽ.എമാരുടെ ഇത്തരത്തിലുള്ള പരാതികൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് യോഗം വിളിച്ചത്. എം.എൽ.എമാരുടെ ആവശ്യങ്ങൾ പരിഗണിക്കണമെന്നും ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കണമെന്നും മുഖ്യമന്ത്രി മന്ത്രിമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസിന്റെ അഞ്ചിന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാൻ വർഷത്തിൽ 58,000 കോടി രൂപ വേണ്ടിവരുന്നുണ്ട്. സാമ്പത്തിക സ്ഥിതി അറിഞ്ഞ് പ്രവർത്തിക്കാൻ എം.എൽ.എമാർ തയാറാകണം.
പരാതികൾ പാർട്ടിക്കുള്ളിൽ അറിയിക്കണം. ക്ഷേമപദ്ധതികൾ ജനം ഏറ്റെടുത്തതിൽ വിറളിപൂണ്ട ബി.ജെ.പി നടത്തുന്ന പ്രചാരണങ്ങളിൽ വീഴരുതെന്നും യോഗത്തിൽ സിദ്ധരാമയ്യ ആവശ്യപ്പെട്ടു.
എം.എൽ.എമാരുടെ ആശങ്കകൾ പരിഹരിക്കുമെന്ന മുഖ്യമന്ത്രി ഉറപ്പുനൽകിയതായി ഗതാഗതമന്ത്രി രാമലിംഗറെഡ്ഡി പറഞ്ഞു. ക്ഷേമപദ്ധതികൾ നടപ്പാക്കിയതിൽ എല്ലാ എം.എൽ.എമാരും തൃപ്തരാണെന്നും മന്ത്രി അറിയിച്ചു. ഗുൽബർഗ ജില്ലയിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എ ബി.ആർ. പാട്ടീലും മറ്റ് 10 പേരുമാണ് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പരാതിയുമായി കഴിഞ്ഞ ദിവസം കത്തയച്ചത്.
മന്ത്രിമാരുടെ നിസ്സഹകരണം മൂലം ജനാഭിലാഷത്തിന് അനുസരിച്ച് പ്രവർത്തിക്കാൻ സാധിക്കുന്നില്ലെന്നും മന്ത്രിമാരെ ബന്ധപ്പെടണമെങ്കിൽ ഇടനിലക്കാർ വേണമെന്നും കത്തിൽ ആരോപിച്ചിരുന്നു. എന്നാൽ, ഇത്തരത്തിൽ തങ്ങൾ കത്ത് നൽകിയിട്ടില്ലെന്നും അത് ബി.ജെ.പിയുടെ സൃഷ്ടിയാണെന്നും ഉടൻതന്നെ എം.എൽ.എമാർ തിരുത്തുകയും ചെയ്തിരുന്നു.
മന്ത്രിമാരുമായി കൂടിക്കാഴ്ചക്ക് രാഹുൽ
ബംഗളൂരു: സംസ്ഥാനത്തെ മന്ത്രിമാരുമായി ആഗസ്റ്റ് രണ്ടിന് ന്യൂഡൽഹിയിൽ രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും. വിവിധ എം.എൽ.എമാർ മന്ത്രിമാർക്കെതിരെ പരാതി ഉന്നയിച്ച പശ്ചാത്തലത്തിലാണിത്. ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രിമാരെ ഓർമിപ്പിക്കുന്നതിനാണ് കൂടിക്കാഴ്ച. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിനാണ് പ്രധാന്യം നൽകേണ്ടതെന്നും മറ്റ് അഭിപ്രായ വ്യത്യാസങ്ങളൊക്കെ മാറ്റിവെച്ച് പ്രവർത്തിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.