കർണാടക രാജ്യസഭ അംഗങ്ങൾ; നാലുപേരുടെ കാലാവധി ഈ മാസം അവസാനിക്കും
text_fieldsബംഗളൂരു: കർണാടകയിൽനിന്നുള്ള രാജ്യസഭ അംഗങ്ങളിൽ നാലുപേരുടെ കാലാവധി ഈ മാസം അവസാനിക്കും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ (ബി.ജെ.പി), കോൺഗ്രസ് നേതാക്കളായ ജി.സി. ചന്ദ്രശേഖർ, ഐ. ഹനുമന്തയ്യ, സെയ്ദ് നസീർ ഹുസൈൻ എന്നീ എം.പിമാരുടെ പകരക്കാരെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് ഈ മാസം 27ന് നടക്കും. രാജീവ് ചന്ദ്രശേഖറിനെ കൂടാതെ മുൻ കർണാടക മന്ത്രി വി. സോമണ്ണയുടെ പേരും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര വെള്ളിയാഴ്ച ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡക്ക് സമർപ്പിച്ചു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സോമണ്ണയെ തന്റെ സിറ്റിങ് സീറ്റായ ഗോവിന്ദരാജ് നഗരം മണ്ഡലത്തിൽനിന്നു മാറ്റി വരുണ മണ്ഡലത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ചാമരാജനഗർ മണ്ഡലത്തിൽ കോൺഗ്രസിലെ പുട്ടരംഗ ഷെട്ടിക്കും എതിരെ മത്സരിപ്പിക്കുകയാണ് പാർട്ടി നേതൃത്വം ചെയ്തിരുന്നത്. രണ്ടിടത്തും പരാജയപ്പെടുകയും ചെയ്തു. ഈ ത്യാഗത്തിന് പകരമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പദവി ആവശ്യപ്പെട്ടിരുന്നു. മുസ്ലിം, ദലിത്, വൊക്കാലിഗ പ്രാതിനിധ്യത്തിൽ വീതംവെച്ച മൂന്ന് രാജ്യസഭ സീറ്റുകളാണ് കോൺഗ്രസിൽ ഒഴിവുവരുന്നത്. പട്ടികജാതി/വർഗ പ്രാതിനിധ്യത്തിൽ മന്ത്രിമാരായ നാലുപേർ ഭക്ഷ്യ-പൊതുവിതരണ മന്ത്രി കെ.എച്ച്. മുനിയപ്പയുടെ വസതിയിൽ പ്രാതലിന് ഒത്തുചേർന്ന് രാജ്യസഭ, ലോക്സഭ തെരഞ്ഞെടുപ്പ് ചർച്ച ചെയ്തു. ഡോ. ജി. പരമേശ്വര, സതീഷ് ജാർകിഹോളി, എച്ച്.സി. മഹാദേവപ്പ എന്നീ മന്ത്രിമാർക്കൊപ്പം കർണാടക കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ബി.എൻ. ചന്ദ്രപ്പയും ഉണ്ടായിരുന്നു. മഹാദേവപ്പ തന്റെ മകൻ സുനിൽ ബോസിനും സതീഷ് തന്റെ മകൾ പ്രിയങ്കക്കും സീറ്റ് ലഭിക്കുന്ന കാര്യമാണ് ചർച്ചയിൽ അവതരിപ്പിച്ചത്. രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള പത്രിക സമർപ്പണം ഈ മാസം 15ന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.