കൂടുതൽ മെമു സർവിസുകൾ വേണമെന്ന് യാത്രക്കാർ
text_fieldsബംഗളൂരു: യാത്രക്കാരുടെ തിരക്ക് കുറക്കാൻ നഗരത്തിൽ കൂടുതൽ മെമു സർവിസുകൾ വേണമെന്ന ആവശ്യവുമായി യാത്രക്കാർ. പ്രതിദിനം ജോലി സ്ഥലത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവരാണ് മതിയായ ട്രെയിൻ സർവിസുകളില്ലാത്തതിനാൽ ദുരിതമനുഭവിക്കുന്നത്.
ഇതിൽ ഹൊസൂരിനും വൈറ്റ്ഫീൽഡിനുമിടയിലുള്ളവർക്കാണ് പ്രതിസന്ധി കൂടുതൽ. തിരക്ക് മാത്രമല്ല, യാത്രക്കായി കൂടുതൽ സമയം കാത്തുനിൽക്കേണ്ടിയും വരുന്നുണ്ട്. ദക്ഷിണ പശ്ചിമ റെയിൽവേയുടെ കീഴിലുള്ള ബംഗളൂരു ഡിവിഷനിൽ മതിയായ റേക്കുകളില്ലാത്തതാണ് ആവശ്യത്തിന് സർവിസുകൾ നടത്താൻ കഴിയാത്തതെന്നാണ് അധികൃതർ പറയുന്നത്. നിലവിലുള്ള ട്രെയിനുകളിൽ പലപ്പോഴും തിരക്ക് മൂലം യാത്രക്കാർക്ക് കയറിപ്പറ്റാൻ പോലും കഴിയാറില്ല. സമാന പ്രതിസന്ധി മെട്രോയിലുമുണ്ട്. ട്രെയിൻ റേക്കുകളുടെ കുറവ് മൂലം യാത്രക്കാരെ കുത്തിനിറച്ചാണ് തിരക്കേറിയ സമയങ്ങളിൽ നമ്മ മെട്രോയും സർവിസ് നടത്തുന്നത്. ഓട്ടോമാറ്റിക് സിഗ്നലിങ് പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും ബംഗളൂരു കന്റോൺമെന്റ്-വൈറ്റ്ഫീൽഡ്-ഹൊസൂർ റൂട്ടിൽ ആവശ്യത്തിന് സർവിസുകൾ നടത്താൻ കഴിയാത്തതുമൂലം അതിന്റെ പ്രയോജനം യാത്രക്കാർക്ക് ലഭിക്കുന്നില്ല.
തുമകൂരു, ഹാസൻ എന്നിവിടങ്ങളിലേക്കും മതിയായ സർവിസുകൾ നടത്താൻ റെയിൽവേക്ക് കഴിയുന്നില്ല. നിലവിൽ കന്റോൺമെന്റ്-വൈറ്റ്ഫീൽഡ് റൂട്ടിലെ പാതകളുടെ വിനിയോഗ ശേഷി 100 ശതമാനത്തിനും മുകളിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.