കെംപെഗൗഡ വിമാനത്താവളത്തിലേക്കുള്ള മെമു ട്രെയിനുകൾ നിർത്തി
text_fieldsബംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള പത്ത് മെമു (മെയിൻ ലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂനിറ്റ്) എക്സ്പ്രസ് ട്രെയിനുകൾ നിർത്തി. 06531 കെ.എസ്.ആർ ബംഗളൂരു സിറ്റി-ദേവനഹള്ളി, 06533 ദേവനഹള്ളി -യെലഹങ്ക, 06534 യെലഹങ്ക -കെ.ഐ.എ, 06535 ദേവനഹള്ളി -ബംഗളൂരു കന്റോൺമെന്റ്, 06536 ബംഗളൂരു കന്റോൺമെന്റ് -ദേവനഹള്ളി, 06537 ദേവനഹള്ളി-ബംഗളൂരു കന്റോൺമെന്റ്,
06538 ബംഗളൂരു കന്റോൺമെന്റ് -ദേവനഹള്ളി, 06539 ദേവനഹള്ളി -യെലഹങ്ക, 06540 യെലഹങ്ക -ദേവനഹള്ളി, 06532 ദേവനഹള്ളി -കെ.എസ്.ആർ ബംഗളൂരു എന്നീ മെമു ട്രെയിനുകളാണ് നിർത്തിയത്. യാത്രക്കാരുടെ എണ്ണം അഞ്ച് ശതമാനത്തിലും കുറഞ്ഞതും ട്രെയിൻ ജീവനക്കാരുടെ ക്ഷാമവും മൂലമാണ് ട്രെയിനുകൾ നിർത്തുന്നതെന്ന് ബംഗളൂരു ഡിവിഷനൽ റെയിൽവേ മാനേജർ ശ്യാം സിങ് പറഞ്ഞു.
ജൂൺ ഒന്നുമുതലാണ് സർവിസുകൾ നിർത്തിയത്. നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ സർവിസുകൾ നിർത്തിയത് യാത്രക്കാരുടെ രോഷത്തിന് ഇടയാക്കിയിട്ടുണ്ട്. നിലവിൽതന്നെ വിമാനത്താവളത്തിലേക്കെത്താൻ റോഡുമാർഗം വൻ ഗതാഗതക്കുരുക്കാണുള്ളത്. ആപ്പുവഴിയുള്ള ഓൺലൈൻ ടാക്സികൾ വൻ നിരക്കാണ് ഈടാക്കുന്നത്.
ഇടക്കിടെ വൈകുന്നത്, ട്രെയിനുകളുടെ അറ്റകുറ്റപ്പണി നടത്താത്തത്, അശാസ്ത്രീയ റൂട്ടുകൾ, സമയക്രമം തുടങ്ങി വിവിധ കാരണങ്ങളാലാണ് ട്രെയിനുകളിൽ ആളുകുറഞ്ഞതെന്നാണ് യാത്രക്കാർ പറയുന്നത്. ഇത് പരിഹരിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുന്നതിന് പകരം ട്രെയിനുകൾ നിർത്തുകയാണ് റെയിൽവേ ചെയ്തതെന്നും യാത്രക്കാർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.