മെട്രോ തൂൺ തകർന്നുണ്ടായ അപകടം: ഹൈകോടതി സ്വമേധയാ കേസെടുത്തു
text_fieldsബംഗളൂരു: നമ്മ മെട്രോ നിർമാണ പ്രവൃത്തിക്കിടെ തൂൺ തകർന്ന് ഇരുചക്രവാഹന യാത്രികരായ അമ്മയും രണ്ടു വയസ്സുകാരനായ മകനും മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് കർണാടക ഹൈകോടതി. അപകടം സംബന്ധിച്ച വാർത്തകളുടെ അടിസ്ഥാനത്തിൽ പൊതുതാൽപര്യ ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് പ്രസന്ന ബി. വരാലെ, ജസ്റ്റിസ് അശോക് എസ്. കിനാഗി എന്നിവരടങ്ങുന്ന ബെഞ്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന് വിവരം തേടി.
നിർമാണത്തിലെ സുരക്ഷ സംവിധാനങ്ങളെ കുറിച്ചും ടെൻഡറിൽ ആവശ്യമായ സുരക്ഷ സംവിധാനങ്ങളെക്കുറിച്ചും സൂചിപ്പിച്ചിരുന്നോ എന്നും കോടതി ആരാഞ്ഞു. കേസിൽ കർണാടക സർക്കാറിനെയും ബ്രഹത് ബംഗളൂരു മഹാനഗര പാലികെയെയും (ബി.ബി.എം.പി) ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷനെയും (ബി.എം.ആർ.സി.എൽ) കക്ഷി ചേർത്തു. അടുത്ത വിചാരണ സമയം ഇവരോടും ഹാജരാകാൻ ഹൈകോടതി നോട്ടീസ് നൽകി.
ചൊവ്വാഴ്ച രാവിലെ 10.30 ഓടെ ഔട്ടർ റിങ് റോഡ് ഹെന്നൂർ മെയിൻ റോഡിൽ എച്ച്.ബി.ആർ ലേഔട്ടിനു സമീപത്തുണ്ടായ അപകടത്തിൽ ഇരട്ടക്കുട്ടികളുടെ മാതാവും മാന്യത ടെക് പാർക്കിലെ ജീവനക്കാരിയുമായ തേജസ്വിനി (35), മകൻ വിഹാൻ എന്നിവരാണ് മരിച്ചത്.
ഭർത്താവ് ലോഹിത് കുമാർ, ഇരട്ട മക്കളിലൊരാളായ പെൺകുട്ടി എന്നിവർക്ക് പരിക്കേറ്റിരുന്നു. നമ്മ മെട്രോ രണ്ടാംഘട്ട നിർമാണത്തിന്റെ ഭാഗമായ കെ.ആർ പുരം- എയർപോർട്ട് ലൈനിൽ 218ആം നമ്പർ തൂൺ നിർമിക്കാനായി കെട്ടിയുയർത്തിയ ടൺകണക്കിന് ഭാരവും 40 അടിയോളം ഉയരവുമുള്ള ഇരുമ്പുകമ്പിക്കൂട്ടം നാലംഗ കുടുംബം സഞ്ചരിച്ച ഇരുചക്രവാഹനത്തിനുമേൽ മറിയുകയായിരുന്നു.
സംഭവത്തിൽ നിർമാണ ചുമതലയുള്ള നാഗാർജുന കൺസ്ട്രക്ഷൻസ് കമ്പനി, കമ്പനിയുടെ എൻജിനീയർമാരും സൂപ്പർവൈസർമാരുമായ അഞ്ചുപേർ, പ്രസ്തുത പാതയുടെ നിർമാണ ചുമതലയുള്ള ബി.എം.ആർ.സി.എൽ ഡെപ്യൂട്ടി ചീഫ് എൻജിനീയർ, എക്സി. എൻജിനീയർ എന്നിവർക്കെതിരെ ഹെന്നൂർ പൊലീസ് കേസെടുത്തിരുന്നു. ഡെപ്യൂട്ടി ചീഫ് എൻജിനീയർ, എക്സി. എൻജിനീയർ എന്നിവർക്കു പുറമെ സൈറ്റ് എൻജിനീയറെയും ബി.എം.ആർ.സി.എൽ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.