മെട്രോ തൂൺ വീണ് മരണം; ചട്ടം കാറ്റിൽ പറത്തി
text_fieldsബംഗളൂരു: മെട്രോ തൂണുകളുടെ നിർമാണം സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്സി) വിദഗ്ധരുടെ പഠനറിപ്പോർട്ട്. ശനിയാഴ്ചയാണ് റിപ്പോർട്ട് സമർപ്പിച്ചത്. തൂണുകളുടെ നിർമാണത്തിന്റെ അളവുകളിലടക്കം ചട്ടലംഘനം നടന്നിട്ടുണ്ട്.
അതാണ് അപകടകാരണമായതെന്ന് ഐ.ഐ.എസ്സി സിവിൽ എൻജിനീയറിങ് വകുപ്പ് അംഗവും വിദഗ്ധസമിതി അംഗവുമായ ജെ.എം. ചന്ദ്ര കിഷൻ പറഞ്ഞു. ഉയരത്തിലുള്ള തൂൺ നിർമിതിക്ക് സംരക്ഷണം നൽകാനുള്ള പ്രത്യേക ആവരണത്തിന് മതിയായ ബലമുണ്ടായിരുന്നില്ല. ഇതാണ് അപകടത്തിന്റെ പ്രാഥമിക കാരണം. മെട്രോയുടെ എല്ലാ തൂണുകൾക്കും സുരക്ഷാപരിശോധന നടത്തണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്.
തകർന്ന തൂണിന്റെ സ്റ്റീൽ ബാറുകൾക്ക് 12 മീറ്ററായിരുന്നു നീളം. ഇതിൽ 18 മീറ്റർ ഉയരമുള്ള വസ്തു ഉറപ്പിക്കുമ്പോൾ മധ്യഭാഗത്ത് ജോയന്റ് വരും. അപ്പോൾ രണ്ടു ബാറുകൾ കൂട്ടിച്ചേർത്താണ് നിർമാണം നടത്തുക. ഇളകുകയോ മറ്റോ സംഭവിക്കുമ്പോൾ തൂണിൽ ദുർബലമായ ഭാഗങ്ങൾ ഉണ്ടാകും.
ഇത് തൂണിന് വളവുണ്ടാക്കും. ആ സാഹചര്യത്തിൽ കൂടുതൽ ബലം തൂണിന് നൽകണം. നാലുകെട്ട് കേബിളുകൾ ഇത്തരത്തിൽ സുരക്ഷ നൽകാൻ ഉണ്ടായിരുന്നുവെങ്കിലും വളവ് വന്നപ്പോൾ രണ്ടു കെട്ട് കേബിളുകൾ അയഞ്ഞുപോയി. ഇതോടെ മറ്റ് കേബിളുകൾക്ക് അമിതഭാരം വന്നു.
തുടർന്ന് പതിയെ അറ്റുപോയി. അപകട കാരണങ്ങളായിരുന്നു അന്വേഷണത്തിൽ പരിശോധിച്ചത്. മഴ, കാറ്റ് തുടങ്ങിയ സന്ദർഭങ്ങളിൽ തൂണുകളുടെ സുരക്ഷക്കുള്ള നടപടികൾ കൂട്ടണമെന്ന് റിപ്പോർട്ടിൽ നിർദേശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജനുവരി ഒമ്പതിന് നടന്ന അപകടത്തിൽ സോഫ്റ്റ്വെയർ എൻജിനീയറായ തേജസ്വിനി സുലേഖെ (28), ഇരട്ട മകൻ വിഹാൻ (മൂന്ന്) എന്നിവരാണ് മരിച്ചത്.
തേജസ്വിയുടെ ഭർത്താവിനും മറ്റു മൂന്നു പേർക്കും ഗുരുതര പരിക്കുമുണ്ടായിരുന്നു. സ്കൂട്ടറിൽ യാത്രചെയ്യുകയായിരുന്ന കുടുംബം നാഗവര ഏരിയയിൽ കല്യാൺനഗർ- എച്ച്.ആർ.ബി.ആർ ലേഔട്ട് റോഡിലാണ് അപകടത്തിൽപെട്ടത്. തേജസ്വിനിയുടെ കുടുംബത്തിന്റെ പരാതിയിൽ അപകടത്തിന് ഉത്തരവാദികളെന്നു കാണിച്ച് 15 പേർക്ക് പൊലീസ് നോട്ടീസ് അയച്ചിരുന്നു.
ഉത്തരവാദികളായ ഉദ്യോഗസ്ഥർ, എൻജിനീയർമാർ, കരാറുകാരൻ എന്നിവർക്കെതിരെ അടിയന്തര നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പൊലീസിന്റെ എഫ്.ഐ.ആറിൽ നിർമാണ ഭീമന്മാരായ നാഗാർജുന കൺസ്ട്രക്ഷൻ കമ്പനി (എൻ.സി.സി) അടക്കം ഒമ്പതു പേരാണ് പ്രതികളായുള്ളത്.
സംഭവത്തിൽ ജനുവരി 13ന് കർണാടക ഹൈകോടതി സ്വമേധയാ കേസെടുത്തിരുന്നു. മെട്രോയുടെ സുരക്ഷാനടപടികൾ സംബന്ധിച്ച് സംസ്ഥാന സർക്കാർ, ബി.എം.ആർ.സി.എൽ, ബൃഹത് ബംഗളൂരു മഹാനഗരപാലികെ (ബി.ബി.എം.പി), കരാറുകാർ എന്നിവർക്ക് ഹൈകോടതി നോട്ടീസും അയച്ചിരുന്നു. ചീഫ് ജസ്റ്റിസ് പി.ബി. വരാലെ, ജസ്റ്റിസ് അശോക് എസ്. കിനാഗി എന്നിവരടങ്ങിയ ബെഞ്ച് മെട്രോ തൂൺ വീണുണ്ടായ അപകടം ജനങ്ങളിൽ സുരക്ഷ സംബന്ധിച്ച ആശങ്ക ഉയർത്തിയതായും നിരീക്ഷിച്ചിരുന്നു.
മൗനസമരവുമായി കോൺഗ്രസ്
ബംഗളൂരു: സംസ്ഥാന സർക്കാറിന്റെ അഴിമതി ഭരണത്തിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച ബംഗളൂരുവിൽ മൗനപ്രതിഷേധം. 300 കേന്ദ്രങ്ങളിൽ രാവിലെ 10 മുതൽ 12 വരെയാണ് സമരമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എൻ.എ. ഹാരിസ്, എ.ഐ.സി.സി സെക്രട്ടറി അഭിഷേക് ദത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അഴിമതി ഇല്ലാതാക്കൂ, ബംഗളൂരുവിനെ രക്ഷിക്കൂ’ എന്ന പ്രമേയത്തിലാണ് സമരം.
51 മെട്രോ സ്റ്റേഷനുകൾ, 26 മേൽപാതകൾ, 200 ട്രാഫിക് സിഗ്നലുകൾ എന്നിവിടങ്ങളിലാണ് മൗനസമരം നടക്കുക. പ്ലക്കാർഡുകളുമായി ഗതാഗതതടസ്സമുണ്ടാക്കാത്ത രീതിയിലാകും സമരം. ആദ്യഘട്ടത്തിൽ ബംഗളൂരുവിൽ നടക്കുന്ന സമരം പിന്നീട് സംസ്ഥാനത്തുടനീളം നടത്തും. ബി.ജെ.പി സർക്കാറിന്റെ ഭരണത്തിൽ സകല മേഖലയിലും അഴിമതിയാണ് നടക്കുന്നതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.
മെട്രോ എം.ഡിയെ ചോദ്യംചെയ്തു
ബംഗളൂരു: നിർമാണത്തിലിരുന്ന മെട്രോ തൂൺ തകർന്ന് സ്കൂട്ടറിനു മുകളിൽ വീണ് അമ്മയും മകനും മരിച്ച സംഭവത്തിൽ ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) മാനേജിങ് ഡയറക്ടർ അഞ്ജും പർവേസിനെ പൊലീസ് ചോദ്യംചെയ്തു.
ബംഗളൂരു ഈസ്റ്റ് ഡെപ്യൂട്ടി പൊലീസ് കമീഷണർ ഓഫിസിൽ ശനിയാഴ്ച രണ്ടു മണിക്കൂറായിരുന്നു ചോദ്യംചെയ്യൽ. പൊലീസ് അറിയിപ്പിന്റെ അടിസ്ഥാനത്തിൽ താൻ ഹാജരായതായും ചോദ്യങ്ങൾക്ക് മറുപടി നൽകിയതായും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ മൂന്ന് എൻജിനീയർമാരെ സസ്പെൻഡ് ചെയ്തയായി അദ്ദേഹം ആവർത്തിച്ചു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് വിദഗ്ധരുടെ അന്വേഷണത്തിന്റെ റിപ്പോർട്ട് പ്രകാരം ചട്ടലംഘനം നടത്തിയെന്ന് കണ്ടെത്തിയാൽ ആവശ്യമായ നടപടികൾ സ്വീകരിക്കും. മെട്രോയുടെ സ്റ്റാൻഡേഡ് ഓപറേറ്റിങ് പ്രൊസീജിയറിൽ (എസ്.ഒ.പി) മാറ്റം വരുത്തും. ഭാവിയിൽ അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികളെടുക്കുമെന്നും അഞ്ജും പർവേസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.