നമ്മ മെട്രോ: പര്‍പ്പിള്‍ ലൈനിലെ നിയന്ത്രണം നീട്ടി
text_fieldsബംഗളൂരു: ബൈയപ്പനഹള്ളി-കെ.ആര്. പുരം, കെങ്കേരി-ചല്ലഘട്ട മെട്രോ പാതകള്‍ പ്രവര്ത്തനസജ്ജമാക്കുന്നതിനുള്ള അവസാനഘട്ട പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പര്‍പ്പിള്‍ ലൈനില്‍ ഇന്നുകൂടി രണ്ടു മണിക്കൂര്‍ സര്‍വിസ് തടസ്സപ്പെടും. നേരത്തേ ജൂലൈ 10 മുതല്‍ ബുധനാഴ്ച വരെയായിരുന്നു ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. നിര്‍മാണ പ്രവൃത്തികള്‍ തീരാത്തതിനാലാണ് നിയന്ത്രണം നീട്ടിയത്.
ബൈയപ്പനഹള്ളി-സ്വാമി വിവേകാനന്ദ സ്റ്റേഷനുകള്‍ക്കിടയിലും കെ.ആര്. പുരം-വൈറ്റ്ഫീല്‍ഡ് സ്റ്റേഷനുകള്ക്കിടയിലുമാണ് പുലർച്ച അഞ്ചു മുതല്‍ ഏഴു വരെ സര്‍വിസ് തടസ്സപ്പെടുക. സ്വാമി വിവേകാനന്ദ മെട്രോ സ്റ്റേഷന് മുതല്‍ കെങ്കേരി സ്റ്റേഷന് വരെ പതിവുപോലെ സര്വിസുണ്ടാകുമെന്നും ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോർപറേഷന് ലിമിറ്റഡ് (ബി.എം.ആര്.സി.എല്‍) അറിയിച്ചു.
ആഗസ്റ്റ് 14ന് പുലർച്ച അഞ്ചിനും ഏഴിനും ഇടയില്‍ വിജയനഗര്‍ മെട്രോ സ്റ്റേഷനും കെങ്കേരി സ്റ്റേഷനും ഇടയില്‍ സര്‍വിസ് ഉണ്ടാകില്ല. ബൈയപ്പനഹള്ളി മെട്രോ സ്റ്റേഷന് മുതല്‍ വിജയനഗര്‍ സ്റ്റേഷന് വരെ പതിവുപോലെ സര്‍വിസുണ്ടാകും. രാവിലെ ഏഴിനുശേഷം ബൈയപ്പനഹള്ളിയില്‍നിന്ന് കെങ്കേരി വരെ സര്‍വിസ് നടത്തും. ഗ്രീന്‍ലൈനില്‍ മെട്രോ തടസ്സപ്പെടില്ല. പുതിയതായി തുറക്കുന്ന ബൈയപ്പനഹള്ളി-കെ.ആര്. പുരം പാതയുടെയും കെങ്കേരി- ചല്ലഘട്ട പാതയുടെയും സിഗ്നലിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ നടക്കുന്നതിനാലാണ് സര്‍വിസ് തടസ്സപ്പെടുന്നത്.
അതേസമയം, നമ്മ മെട്രോയില്‍ യാത്രചെയ്യുന്നവര്‍ പാട്ട് കേള്‍ക്കാനും വിഡിയോ കാണാനും ഹെഡ്ഫോൺ ഉപയോഗിക്കണമന്ന് ബി.എം.ആര്.സി.എല്‍ അറിയിച്ചു.ഹെഡ്ഫോണില്ലാതെ പാട്ടുകേള്‍ക്കുന്നത് മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നിര്‍ദേശം.
ഇതുസംബന്ധിച്ച് യാത്രക്കാരെ ബോധവത്കരിക്കാന്‍ കഴിഞ്ഞ ദിവസം ബി.എം.ആര്.സി.എല്‍ ഉദ്യോഗസ്ഥര്‍ മെട്രോ കോച്ചുകളില്‍ സഞ്ചരിച്ചു.ചില യാത്രക്കാര്‍ മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ പാട്ടുവെക്കുന്നത് സഹയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ഹെഡ്ഫോണില്ലാതെ പാട്ട് കേള്‍ക്കുന്നതിന് കര്‍ണാടക ആര്.ടി.സി ബസുകളില്‍ നേരത്തേ വിലക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.