ഇന്ത്യയിൽ മൂന്ന് ബില്യൻ ഡോളർ നിക്ഷേപിക്കാൻ മൈക്രോസോഫ്റ്റ്
text_fieldsബംഗളൂരു: ക്ലൗഡ് കമ്പ്യൂട്ടിങ്, നിർമിത ബുദ്ധി മേഖലകളിൽ ഇന്ത്യയിൽ മൂന്നു ബില്യൻ ഡോളർ (ഏകദേശം 25,700 കോടി) നിക്ഷേപം നടത്തുമെന്ന് മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദെല്ല പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച ബംഗളൂരുവിൽ നടന്ന സ്റ്റാർട്ടപ് സ്ഥാപകരുടെയും കമ്പനി എക്സിക്യുട്ടിവുകളുടെയും പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ചുവർഷത്തിനകം ഒരു കോടി പേർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ (നിർമിത ബുദ്ധി) നൈപുണ്യ പരിശീലനവും മൈക്രോസോഫ്റ്റ് നൽകും.
രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപത്തിനായാണ് മൈക്രോസോഫ്റ്റ് ഒരുങ്ങുന്നത്. അതേസമയം, എത്രകാലംകൊണ്ടാണ് ഈ നിക്ഷേപം പൂർത്തിയാവുക എന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല.
അസുർ ബ്രാൻഡ് നെയിമിന് കീഴിലാണ് മൈക്രോസോഫ്റ്റ് ക്ലൗഡ് കമ്പ്യൂട്ടിങ് സർവിസ് നൽകിവരുന്നത്. 60 റീജ്യനുകളിലായി 300 ഡേറ്റ സെന്ററുകൾ ഇതിനായി പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിൽ സെൻട്രൽ ഇന്ത്യ, സൗത്ത് ഇന്ത്യ, വെസ്റ്റ് ഇന്ത്യ, സൗത്ത് സെൻട്രൽ ഇന്ത്യ എന്നിങ്ങനെ നാല് ഡേറ്റ സെന്റർ മേഖലയാണുള്ളത്.
ഈ ഡേറ്റ സെന്ററുകളിൽ ക്ലൗഡ്, എ.ഐ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും. തിങ്കളാഴ്ച ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സത്യ നാദെല്ല കൂടിക്കാഴ്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.