അറസ്റ്റിലായ ക്വാറി ഉടമയെ വിട്ടയക്കാൻ അർധരാത്രി എം.എൽ.എയുടെ സമരം
text_fieldsമംഗളൂരു: അറസ്റ്റിലായ അനധികൃത ക്വാറി നടത്തിപ്പുകാരനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണ കന്നട ജില്ലയിലെ ബെൽത്തങ്ങാടി പൊലീസ് സ്റ്റേഷനിൽ ബി.ജെ.പി എം.എൽ.എ ഹരീഷ് പൂഞ്ചയുടെ നേതൃത്വത്തിൽ ശനിയാഴ്ച അർധരാത്രി ഒരു മണിവരെ കുത്തിയിപ്പ് സമരം നടത്തി. യുവമോർച്ച ബെൽത്തങ്ങാടി താലൂക്ക് പ്രസിഡന്റും നിരവധി കേസുകളിൽ പ്രതിയുമായ ശശിധർ ഷെട്ടിയാണ് അറസ്റ്റിലായത്. ഷെട്ടിയെ രാത്രി വൈകി വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തതിന് പിന്നാലെ എം.എൽ.എയും സംഘവും സ്റ്റേഷനിൽ എത്തി ഇൻസ്പെക്ടറോട് കയർക്കുകയായിരുന്നു.
അറസ്റ്റിന്റെ നടപടിക്രമങ്ങൾ ഓർമപ്പെടുത്തിയ എം.എൽ.എ പൊലീസ് കോൺഗ്രസിന് വഴങ്ങുകയാണെന്ന് ആരോപിച്ചു. പൊലീസ് സ്റ്റേഷൻ പൊതുഇടമാണെന്നും തന്റെ പിതാവിന്റെ വകയല്ലെന്നും വരെ പൂഞ്ച വിരൽ ചൂണ്ടി പറഞ്ഞെങ്കിലും ഇൻസ്പെക്ടർ കുലുങ്ങിയില്ല. പ്രവർത്തകർക്കൊപ്പം മുദ്രാവാക്യം മുഴക്കി കുത്തിയിരുന്ന എം.എൽ.എ ഷെട്ടിയെ വിട്ടയക്കാതെ സ്റ്റേഷൻ വിട്ടുപോവില്ലെന്ന് പ്രഖ്യാപിച്ചു. എന്നാൽ, അർധരാത്രി ഒരു മണിയോടെ ഷെട്ടിയെ ഇറക്കാനാവാതെയാണ് എം.എൽ.എ തിരിച്ചുപോയത്.
പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്താൻ ശ്രമിച്ചു, ഭീഷണിപ്പെടുത്തി എന്നീ കുറ്റങ്ങൾ ചുമത്തി എം.എൽ.എക്കെതിരെ കേസെടുത്തു .ദക്ഷിണ കന്നട ജില്ലയിൽ ക്വാറി, മണൽ മാഫിയകൾ വിലസുമ്പോൾ പൊലീസും അധികൃതരും നിഷ്ക്രിയരാണെന്ന് കഴിഞ്ഞ ദിവസം ഹരീഷ് പൂഞ്ച എം.എൽ.എ പ്രസ്താവന ഇറക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.