ബണ്ട്വാളിൽ നബിദിന റാലിക്കെതിരായ തീവ്ര ഹിന്ദുത്വ റാലി പൊലീസ് തടഞ്ഞു
text_fieldsമംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ ബണ്ട്വാൾ താലൂക്കിൽ ബി.സി റോഡിൽ തിങ്കളാഴ്ച നബിദിന റാലിക്കുനേരെ തീവ്ര ഹിന്ദുത്വ റാലി സംഘടിപ്പിച്ച് കലാപം സൃഷ്ടിക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു. സാമുദായിക സൗഹാർദം തകർക്കുന്ന സംഭവ വികാസങ്ങൾ ഉണ്ടാവാമെന്നതിനാൽ നബിദിന റാലികൾക്ക് അനുമതി നൽകരുതെന്ന് മംഗളൂരു നോർത്ത് മണ്ഡലം ബി.ജെ.പി എം.എൽ.എ ഡോ. വൈ. ഭരത് ഷെട്ടി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വി.എച്ച്.പി, ബജ്റംഗ് ദൾ പ്രവർത്തകർ റാലിക്കായി സംഘടിച്ചെത്തിയത്. ബണ്ട്വാൾ നഗരസഭ മുൻ ചെയർമാൻ മുഹമ്മദ് ശരീഫ് നടത്തിയ പ്രഖ്യാപനമാണ് പ്രകോപനം സൃഷ്ടിച്ചതെന്നാണ് വി.എച്ച്.പി വിശദീകരണം. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത പൊലീസ്, പ്രകോപന പ്രസംഗങ്ങൾ നടത്തിയ വി.എച്ച്.പി ദക്ഷിണ കന്നട-ഉഡുപ്പി മേഖല സെക്രട്ടറി ശരൺ പമ്പുവെൽ, ബജ്റംഗ് ദൾ നേതാവ് പുനീത് അത്താവർ എന്നിവർക്കെതിരെ കേസെടുത്തു.
മാണ്ഡ്യ ജില്ലയിലെ നാഗമംഗളയിൽ ഗണേശ ചതുർഥി ഘോഷയാത്രക്കുനേരെ നേരത്തെ കല്ലേറുണ്ടായ സംഭവം തീവ്രഹിന്ദുത്വ സംഘടനകളും ബി.ജെ.പിയും ഏറ്റെടുത്ത് പ്രചാരണം നടത്തുന്നുണ്ട്. മാണ്ഡ്യയിൽനിന്നുള്ള നേതാക്കൾ ഞായറാഴ്ച രാത്രി മംഗളൂരുവിൽ എത്തിയിരുന്നു. അതിനിടെ ബി.സി റോഡിൽ വരാൻ ധൈര്യമുണ്ടോ എന്നാരാഞ്ഞ് മുഹമ്മദ് ശരീഫ് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടു. അപകടം മണത്ത ജില്ല പൊലീസ് സൂപ്രണ്ട് എൻ. യതീഷ് ബി.സി റോഡ് മേഖലയിൽ വിന്യസിക്കാൻ വൻ പൊലീസ് സംഘത്തെ സജ്ജമാക്കി നിർത്തി. തിങ്കളാഴ്ച രാവിലെ ശരണിന്റേയും പുനീതിന്റേയും നേതൃത്വത്തിൽ അവരുടെ സേന ബി.സി റോഡ് രക്ഷേശ്വരി ക്ഷേത്രം കേന്ദ്രീകരിച്ചു.
കാവിക്കൊടിയേന്തിയ നൂറുകണക്കിന് പ്രവർത്തകരെ പ്രകോപിതരാക്കുന്ന പ്രസംഗങ്ങൾ ശരണും പുനീതും നടത്തിയെങ്കിലും സംഘം നബിദിന റാലി സഞ്ചരിച്ച ഭാഗത്തേക്ക് കടക്കുന്നത് പൊലീസ് തടഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.