വൈവിധ്യങ്ങളുടെ കലവറയൊരുക്കി ചെറുധാന്യ മേള
text_fieldsബംഗളൂരു: റാഗി, ചാമ, തിന, ജോവർ, ബജ്റ തുടങ്ങിയ ചെറുധാന്യങ്ങളുടെയും അവയുടെ ഉൽപന്നങ്ങളുടെയും ജൈവ ഉൽപന്നങ്ങളുടെയും വൈവിധ്യം ലോകത്തെ പരിചയപ്പെടുത്തുന്ന അന്താരാഷ്ട്ര ധാന്യ-ജൈവ വാണിജ്യമേളക്ക് ഞായറാഴ്ച സമാപനമാവും. സംസ്ഥാനത്ത് ചെറു ധാന്യങ്ങളുടെ കൃഷിയും ഉപയോഗവും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ഒന്നാം സിദ്ധരാമയ്യ സർക്കാർ 2017ലാണ് മേള ആരംഭിച്ചത്. സർക്കാറിന്റെ മില്ലറ്റ് പോളിസിയുടെ ഭാഗമായായിരുന്നു ഇത്. മേളയുടെ അഞ്ചാം പതിപ്പാണ് ഇപ്പോൾ നടക്കുന്നത്. കോവിഡ് കാലത്ത് മേള മാറ്റിവെച്ചിരുന്നു.
ചെറുധാന്യങ്ങൾ ഭക്ഷണത്തിലുൾപ്പെടുത്തുക വഴി ധാരാളം ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവുമെന്നതിനാൽ ഇവക്ക് വാണിജ്യ പ്രധാന്യമേറെയാണ്. നാരുകളും മനുഷ്യ ശരീരത്തിനാവശ്യമായ ഇരുമ്പ്, കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയവയാണ് ചെറുധാന്യങ്ങൾ. നിലവിൽ കർണാടകയിൽ 15.61 ലക്ഷം ഹെക്ടറിൽ ചെറുധാന്യങ്ങൾ കൃഷി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. റാഗി-8.28 ലക്ഷം ഹെക്ടർ, ജോവർ- 5.67 ലക്ഷം ഹെക്ടർ, ബജ്റ- 1.31 ലക്ഷം ഹെക്ടർ എന്നിവയാണ് ഇതിൽ പ്രധാനം. മറ്റു ചെറു ധാന്യങ്ങൾ 0.35 ലക്ഷം ഹെക്ടറിലും കൃഷിചെയ്യുന്നുണ്ട്. 2022-23 കാലയളവിൽ 36 കോടിയുടെ 7764 മെട്രിക് ടൺ ചെറുധാന്യങ്ങളും അവയുടെ മൂല്യവർധിത ഉൽപന്നങ്ങളുമാണ് വിദേശ രാജ്യങ്ങളിലേക്ക് കയറ്റിയയച്ചത്. അമേരിക്ക, ആസ്ട്രേലിയ, യു.എ.ഇ, കാനഡ, ഖത്തർ, തായ്ലൻഡ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കർണാടകയിൽനിന്ന് ചെറുധാന്യങ്ങൾ പ്രധാനമായും കയറ്റുമതി ചെയ്യുന്നത്.
കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ പാലസ് മൈതാനത്തെ ത്രിപുര വാസിനിയിൽ നടക്കുന്ന അന്താരാഷ്ട്ര ധാന്യ-ജൈവ വാണിജ്യമേളയിൽ കർണാടകക്കു പുറമെ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള വിൽപന-പ്രദർശന സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. ഗ്രാമീണ അങ്ങാടി, ചെറുകിട സംരംഭങ്ങൾ തുടങ്ങിയവ മുതൽ മില്ലറ്റുകളുടെ ഉപോൽപന്നങ്ങൾ വിപണിയിലെത്തിക്കുന്ന ടാറ്റ സോൾഫുൾ, 24 മന്ത്ര, സെമി, ട്രൂ എലമന്റ്സ് തുടങ്ങി വൻകിട കമ്പനികൾ വരെ മേളയിൽ പ്രദർശന സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. വൈകീട്ട് നാലിന് നടക്കുന്ന സമാപന ചടങ്ങിൽ കേന്ദ്ര കൃഷി ക്ഷേമ മന്ത്രി അർജുൻ മുണ്ഡ, കേന്ദ്രം വളം മന്ത്രി ഭഗവന്ത് ഖുബ, സംസ്ഥാന കൃഷി മന്ത്രി എൻ. ചലുവരായ സ്വാമി എന്നിവർ പങ്കെടുക്കും. മല്ലേശ്വരം എം.എൽ.എ അശ്വത് നാരായൺ അധ്യക്ഷത വഹിക്കും. മേളയിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.