ഐ.എ.എസ് ഉദ്യോഗസ്ഥക്കെതിരായ മാനനഷ്ടക്കേസ് എം.എൽ.എ പിൻവലിച്ചു
text_fieldsബംഗളൂരു: കർണാടകയിലെ ഐ.എ.എസ് ഉദ്യോഗസ്ഥ രോഹിണി സിന്ദൂരിക്കെതിരെ മുൻമന്ത്രിയും മൈസൂരു കെ.ആർ. നഗറിലെ ജെ.ഡി.എസ് എം.എൽ.എയുമായ മഹേഷ് നൽകിയ മാനനഷ്ടക്കേസ് പിൻവലിച്ചു. മൈസൂരു ഡെപ്യൂട്ടി കമീഷണറായ കാലത്ത് രോഹിണി മഹേഷിനെതിരെ വിവിധ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഭൂമി കൈയേറ്റമടക്കമുള്ള വിവിധ ആരോപണങ്ങൾ ഉന്നയിച്ചതിനാണ് മഹേഷ് 2022 സെപ്റ്റംബറിൽ മാനനഷ്ടക്കേസ് നൽകിയത്. സിന്ദൂരി തന്നോട് ക്ഷമ ചോദിച്ചതോടെയാണ് ശനിയാഴ്ച കേസ് പിൻവലിച്ചതെന്ന് മഹേഷ് പറഞ്ഞു.
ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ മൂലം മഹേഷ് സിന്ദൂരിക്കെതിരെയും അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. കർണാടകയിലെ ഐ.പി.എസ് ഉദ്യോഗസ്ഥയായ ഡി. രൂപയും രോഹിണി സിന്ദൂരിയും തമ്മിലുള്ള രൂക്ഷമായ പോര് ഈയടുത്ത് സംസ്ഥാനത്ത് വൻവിവാദമുണ്ടാക്കിയിരുന്നു.
രോഹിണി സിന്ദൂരി മഹേഷുമൊന്നിച്ച് റസ്റ്റാറന്റിലിരിക്കുന്ന ചിത്രം പുറത്തുവന്നതോടെയായിരുന്നു പ്രശ്നങ്ങൾ തുടങ്ങിയത്. ഇരുവരും അനുരഞ്ജനത്തിലെത്തിയെന്നും രാഷ്ട്രീയക്കാരനുമായി പുറത്തുവെച്ച് ഐ.എ.എസ്സുകാരി കൂടിക്കാഴ്ച നടത്തിയത് ചട്ടലംഘനമാണെന്നും രൂപ ആരോപിച്ചിരുന്നു. ഇതിനു പിറകെ രോഹിണി അഴിമതിക്കാരിയാണെന്നതടക്കം 19 ആരോപണങ്ങളാണ് ഡി. രൂപ ഫേസ്ബുക്കിലൂടെയും മറ്റും ഉന്നയിച്ചത്. രോഹിണിയുടെ സ്വകാര്യ ചിത്രങ്ങളും പങ്കുവെച്ചിരുന്നു. സംഭവത്തിൽ ഇരുവർക്കുമെതിരെ സർക്കാർ നടപടി സ്വീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.