ദക്ഷിണ കന്നട എം.എൽ.സി ഉപതെരഞ്ഞെടുപ്പ് നാളെ
text_fieldsമംഗളൂരു: ദക്ഷിണ കന്നട ലെജിസ്ലേറ്റിവ് കൗൺസിൽ അംഗ (എം.എൽ.സി) ഉപതെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും. ലെജിസ്ലേറ്റിവ് കൗൺസിൽ പ്രതിപക്ഷ നേതാവായിരുന്ന ബി.ജെ.പിയുടെ കോട്ട ശ്രീനിവാസ പൂജാരി ഉഡുപ്പി -ചിക്കമഗളൂരു എം.പിയായതിനെത്തുടർന്ന് എം.എൽ.സി സ്ഥാനം രാജിവെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടു ജില്ലകളിലുമായി 392 പോളിങ് സ്റ്റേഷനുകൾ സജ്ജമായി. ദക്ഷിണ കന്നട ജില്ലയിൽ 223 ഗ്രാമപഞ്ചായത്തുകളിലെ 3263 അംഗങ്ങൾ, മംഗളൂരു കോർപറേഷനിലെ 65 കൗൺസിലർമാർ, രണ്ട് നഗരസഭകളിലെ 64 കൗൺസിലർമാർ, മൂന്ന് ടൗൺ പഞ്ചായത്തുകളിലെ 74 അംഗങ്ങൾ, അഞ്ച് ടൗൺ കൗൺസിലുകളിലെ 86 അംഗങ്ങൾ എന്നിങ്ങനെയാണ് തദ്ദേശ സ്വയംഭരണ വോട്ടർമാർ.
ദക്ഷിണ കന്നട എം.പി, ജില്ലയിലെ എട്ട് എം.എൽ.എമാർ എന്നിവരും വോട്ടർമാരാണ്. ഉഡുപ്പി ജില്ലയിൽ 153 ഗ്രാമപഞ്ചായത്തുകളിലെ 2355 അംഗങ്ങൾ, ഉഡുപ്പി സിറ്റി മുനിസിപ്പാലിറ്റിയിലെ 36 കൗൺസിലർമാർ, മൂന്ന് ടൗൺ പഞ്ചായത്തുകളിലെ 72 അംഗങ്ങൾ, ഒരു നഗര കൗൺസിലിലെ 17 അംഗങ്ങൾ എന്നിവർ തദ്ദേശ സ്വയംഭരണ വോട്ടർമാരാണ്. ഉഡുപ്പി -ചിക്കമഗളൂരു എം.പി, അഞ്ച് എം.എൽ.എമാർ എന്നിവർക്കും വോട്ടവകാശമുണ്ട്. ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളിൽ വനിത വോട്ടർമാർക്കാണ് മൂൻതൂക്കം. ദക്ഷിണ കന്നടയിൽ 1842 പേർ വനിതകളും 1710 പുരുഷന്മാരുമാണ്. ഉഡുപ്പി ജില്ലയിൽ 1285 പേർ വനിതകളും 1195 പേർ പുരുഷന്മാരുമാണ്. വോട്ടെണ്ണൽ 24ന് മംഗളൂരു സെന്റ് അലോഷ്യസ് പിയു കോളജിൽ നടക്കും.
ബി.ആർ. കിഷോർ (ബി.ജെ.പി), രാജു പൂജാരി (കോൺഗ്രസ്), എസ്. അൻവർ സാദത്ത് (എസ്.ഡി.പി.ഐ), ദിനകർ ഉള്ളാൾ (സ്വതന്ത്രൻ) എന്നിവരാണ് സ്ഥാനാർഥികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.