കാരുണ്യക്കരുതലായി എം.എം.എ; വാർഷിക റിലീഫ് കൈമാറി
text_fieldsബംഗളൂരു: മലബാർ മുസ്ലിം അസോസിയേഷന്റെ നേതൃത്വത്തിൽ വാർഷിക റിലീഫ് വിതരണം ചെയ്തു. കർണാടക മലബാർ സെന്ററിലെ എം.എം.എ ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. നിർധന കുടുംബത്തിലെ ആറ് പേർക്ക് ഓട്ടോ റിക്ഷകളുടെ ചാവി നൽകി എൻ.എ. ഹാരിസ് എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. മനുഷ്യത്വത്തിന് വിരുദ്ധമായ സമീപനങ്ങൾ ആരിൽനിന്നുണ്ടായാലും അത് ചൂണ്ടിക്കാണിക്കാനും നേരിടാനുമുള്ള കരുത്ത് പൊതുസമൂഹം ആർജിക്കണമെന്നും ഉച്ചനീചത്വങ്ങൾ കണ്ട് മൗനംപാലിക്കുന്നത് മതങ്ങളും സമൂഹങ്ങളും തമ്മിലെ സൗഹാർദങ്ങൾക്ക് വിഘാതമാവുമെന്നും എം.എൽ.എ പറഞ്ഞു.
തയ്യൽ മെഷീനുകളും ഉന്തുവണ്ടികളും മറ്റു സഹായങ്ങളും കൈമാറി. എം.എം.എയുടെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് പാവപ്പെട്ട തൊഴിൽ രഹിതരായവർക്ക് സ്വയം തൊഴിൽ പദ്ധതി എന്ന നിലക്കാണ് ഈ പദ്ധതിക്ക് രൂപം നൽകിയതെന്ന് ഭാരവാഹികൾ പറഞ്ഞു. ഓട്ടോറിക്ഷകൾ, തയ്യൽ മെഷീനുകൾ, ഉന്തുവണ്ടികൾ, വീൽചെയറുകൾ, ധനസഹായങ്ങൾ, പഠന സഹായങ്ങൾ, ചികിൽസ സഹായങ്ങൾ തുടങ്ങിയവയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
സമൂഹത്തെ ഐക്യപ്പെടുത്തുകയും അടിത്തട്ടിലുള്ളവരെ സാമ്പത്തിക ഭദ്രതയിലെത്തിക്കുകയും ചെയ്യുന്ന പദ്ധതികളാണ് മലബാർ മുസ്ലിം അസോസിയേഷൻ ചെയ്യുന്നതെന്ന് എം.എൽ.എ സമീർ അഹ്മദ് ഖാൻ പറഞ്ഞു. പുതുതായി നിർമിച്ച എ.ബി. ഖാദർ ഹാജി മെമ്മോറിയൽ ഹാളിന്റെ ഔപചാരിക ഉദ്ഘാടനം പ്രസിഡന്റ് ഡോ. എൻ എ മുഹമ്മദ് നിർവഹിച്ചു. സൗഹാർദ സംഗമത്തിൽ സ്വാമി മനോജ് കെ. വിശ്വനാഥൻ, ഫാ. ജോർജ് കണ്ണന്താനം, ആസിഫ് വാഫി റിപ്പൺ , അഡ്വ. പി. ഉസ്മാൻ, സെയ്തുമുഹമ്മദ് നൂരി തുടങ്ങിയവർ സംസാരിച്ചു.
ട്രഷറർ സി.എം. മുഹമ്മദ് ഹാജി, ഫരീക്കോ മമ്മു ഹാജി, പി.എം. അബ്ദുൽ ലത്തീഫ് ഹാജി, ശംസുദ്ദീൻ കൂടാളി, കെ.എച്ച്. ഫാറൂഖ്, ആസിഫ് ഇഖ്ബാൽ തുടങ്ങിയവർ ചേർന്ന് സഹായ വിതരണം നടത്തി. ജനറൽ സെക്രട്ടറി ടി.സി. സിറാജ് സ്വാഗതവും സെക്രട്ടറി കെ.സി. അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.