ബംഗളൂരുവിൽ മെഗാ റോഡ് ഷോ നയിച്ച് മോദി
text_fieldsബംഗളൂരു: ഐ.ടി നഗരമായ ബംഗളൂരുവിൽ ബി.ജെ.പി പ്രചാരണത്തിനായി മെഗാ റോഡ് ഷോ നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശനിയാഴ്ച ബംഗളൂരു നഗരത്തിൽ തുറന്ന വാഹനത്തിൽ 26 കിലോമീറ്റർ റോഡ് ഷോയാണ് അരങ്ങേറിയത്. മേയ് 10ന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ബംഗളൂരുവിലെ 28 മണ്ഡലങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഷോ. ‘നമ്മുടെ ബംഗളൂരു, നമ്മുടെ അഭിമാനം’ തലക്കെട്ടിൽ രാവിലെ 10ന് ന്യൂ തിപ്പസാന്ദ്രയിലെ കെംപെഗൗഡ പ്രതിമക്ക് സമീപത്തുനിന്ന് ആരംഭിച്ച റോഡ് ഷോ ഉച്ചക്ക് 1.30ന് ബ്രിഗേഡ് റോഡിലെ ന്യൂ വാർ മെമ്മോറിയലിൽ സമാപിച്ചു. ആയിരക്കണക്കിനു പേർ വീക്ഷിക്കാനെത്തി. ബംഗളൂരു ബി.ജെ.പിയെ ആഗ്രഹിക്കുന്നുണ്ടെന്നും സൽഭരണവും വികസനവും കൊണ്ടുവരാൻ ബി.ജെ.പിക്ക് തുടരാൻ കഴിയുമെന്ന് ബംഗളൂരു കരുതുന്നുണ്ടെന്നും മോദി പറഞ്ഞു. വൈകീട്ട് ബഗൽകോട്ടിലെ ബദാമിയിലും ഹാവേരിയിലും മോദി റാലികളിൽ പങ്കെടുത്തു. ഞായറാഴ്ച രാവിലെ ബംഗളൂരുവിൽ മോദിയുടെ റോഡ് ഷോ പുനരാരംഭിക്കും. ഞായറാഴ്ച ബ്രിഗേഡ് റോഡിലെ ന്യൂ വാർ മെമ്മോറിയലിൽ പുനരാരംഭിക്കുന്ന റോഡ് ഷോ 10 കിലോമീറ്റർ സഞ്ചരിച്ച് വൈകീട്ടോടെ മല്ലേശ്വരത്തെ സാങ്കി റോഡിൽ സമാപിക്കും. ഈ മേഖലയിലെ 23 റോഡുകളിൽ വാഹനങ്ങൾക്ക് പ്രവേശനം തടഞ്ഞിട്ടുണ്ട്.
നേരത്തേ ശനിയാഴ്ച മാത്രമായി 36.6 കിലോമീറ്റർ മെഗാഷോയാണ് തീരുമാനിച്ചിരുന്നത്. ഇത് നഗരത്തിൽ വൻ ഗതാഗതക്കുരുക്കിന് കാരണമാവുമെന്നും നഗരജീവിതം സ്തംഭിപ്പിക്കുമെന്നുമുള്ള പരാതി ഉയർന്നതോടെ ബി.ജെ.പി നേതൃത്വം റോഡ് ഷോ രണ്ടു ദിവസത്തേക്കാക്കി മാറ്റുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് ശിവമൊഗ്ഗ റൂറൽ, നഞ്ചൻഗുഡ് എന്നിവിടങ്ങളിലും മോദി റാലി നയിക്കും. നഞ്ചൻഗുഡിലെ ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ പൂജയോടെ പ്രചാരണ പരിപാടികൾ മോദി അവസാനിപ്പിക്കും.അതേസമയം, ശനിയാഴ്ച നഗരത്തിലെ 35 റോഡുകളും ഇടങ്ങളും കൊട്ടിയടച്ച് മോദി നടത്തിയ റോഡ്ഷോ നഗരജീവിതം സ്തംഭിപ്പിച്ചതായി ആക്ഷേപമുയർന്നു. ഞായറാഴ്ച നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പരീക്ഷ ബംഗളൂരു നഗരത്തിൽ പലയിടത്തും നടക്കുന്നതിനിടെയാണ് മോദിയുടെ ഷോ നടക്കുന്നത്. ഇത് വിദ്യാർഥികളെയടക്കം പ്രയാസപ്പെടുത്തുമെന്ന പരാതിയുമുയർന്നു. വിദ്യാർഥികളുടെ യാത്ര തടസ്സപ്പെട്ടാൽ പരീക്ഷ ഹാൾ ടിക്കറ്റ് കാണിച്ചാൽ പൊലീസ് കടത്തിവിടുമെന്ന് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് മാനേജിങ് കമ്മിറ്റി കൺവീനറായ ശോഭ കരന്ത്ലാജെ പറഞ്ഞു.
വക്രീകരണത്തിന്റെ ആശാനായ മോദി തന്റെ പഴയ കോമാളിത്തരമായ റോഡ്ഷോയെ കുറിച്ച് മാത്രമെ ആലോചിക്കുന്നുള്ളൂവെന്നും റോഡ് ഷോ നഗരജീവിതത്തിലുണ്ടാക്കുന്ന അസൗകര്യത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും കോൺഗ്രസ് നേതാവ് ജയ്റാം രമേശ് കുറ്റപ്പെടുത്തി. ബ്ലോക്കിൽ ആംബുലൻസുകളടക്കംപെട്ടത് അദ്ദേഹം ചൂണ്ടിക്കാട്ടി. ഞായറാഴ്ച നടത്തുന്ന ഷോ മോദി റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും ശനിയാഴ്ച കർണാടകയിൽ പ്രചാരണം നയിച്ചു.
മോദിയുടെ റോഡ് ഷോ: ഇന്ന് ബംഗളൂരുവിൽ 23 റോഡുകളിൽ നിയന്ത്രണം
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന ബി.ജെ.പി പ്രചാരണ റോഡ് ഷോയുടെ ഭാഗമായി ബംഗളൂരു നഗരത്തിലെ 26 റോഡുകൾ ഞായറാഴ്ച രാവിലെ എട്ടു മുതൽ 12 വരെ അടച്ചിടുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.
ഗതാഗത നിയന്ത്രണമുള്ള റോഡുകൾ: രാജ് ഭവൻ റോഡ്, മേക്രി സർക്കിൾ, റേസ് കോഴ്സ് റോഡ്, ടി. ചൗതയ്യ റോഡ്, രമണമഹർഷി റോഡ്, ഓൾഡ് എയർപോർട്ട് റോഡ്, സുരഞ്ജൻദാസ് റോഡ്, എം.ജി റോഡ്, ബ്രിഗേഡ് റോഡ്, ജഗദീഷ് നഗർക്രോസ്, ജെ.ബി നഗർ മെയിൻ റോഡ്, ബെമൽ ജങ്ഷൻ, ന്യൂ തിപ്പസാന്ദ്ര മാർക്കറ്റ്, ഇന്ദിര നഗർ 80 ഫീറ്റ് റോഡ്, ന്യൂ തിപ്പസാന്ദ്ര റോഡ്, 100 ഫീറ്റ് റോഡ് 12 മെയിൻറോഡ്, ഇന്ദിര നഗർ, കാവേരി സ്കൂൾ, സി.എം.എച്ച്.റോഡ്, ആദർശ ജങ്ഷൻ 17 എഫ്ക്രോസ്, അൾസുർ മെട്രോ സ്റ്റേഷൻ, ട്രിനിറ്റി ജങ്ഷൻ തുടങ്ങിയ ഇടങ്ങളിലാണ് വാഹനങ്ങൾക്ക് പ്രവേശനം തടയുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.