സദാചാര പൊലീസിങ്; രണ്ടുപേർ അറസ്റ്റിൽ
text_fieldsബംഗളൂരു: ചിക്കബല്ലാപുരയിലും ചിക്കമഗളൂരുവിലും സദാചാര പൊലീസിങ് നടത്തിയ രണ്ടുപേർ അറസ്റ്റിൽ.ചിക്കമഗളൂരുവിൽ ഇതരമതസ്ഥയായ യുവതിക്കൊപ്പം സഞ്ചരിച്ചതിന് ബജ്റംഗ്ദൾ പ്രവർത്തകനും ചിക്കബല്ലാപുരയിൽ ഇതരമതസ്ഥയായ സഹപാഠിക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്ന യുവാവിനുമാണ് മർദനമേറ്റത്.
ചിക്കമഗളൂരു മുദിഗരെയിൽ ബനാകൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ അജിത് എന്ന യുവാവിനാണ് 30 പേരടങ്ങുന്ന സംഘത്തിന്റെ മർദനമേറ്റത്. യുവതിക്കൊപ്പം യാത്ര ചെയ്ത ഇയാളെ സംഘം വലിച്ചിഴച്ച് മർദിക്കുകയായിരുന്നു. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.
ചിക്കബല്ലാപുരയിൽ ഭക്ഷണശാലയിലെത്തിയ സഹപാഠികളെ സദാചാര പൊലീസ് ചമഞ്ഞെത്തിയ സംഘം ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് കേസെടുത്ത് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ചിക്കബല്ലാപുര നക്കലഗുണ്ഡെ സ്വദേശികളായ വഹീദ് (20), സദ്ദാം (21) എന്നിവരാണ് അറസ്റ്റിലായത്. ഒളിവിലുള്ള മറ്റൊരു പ്രതി ഇംറാനുവേണ്ടി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
വ്യാഴാഴ്ചയാണ് സംഭവം. ഇരുമതത്തിൽപെട്ട രണ്ടു വിദ്യാർഥികൾ ചിക്കബല്ലാപുരയിലെ കൂൾബാറിൽ കയറിയതോടെ പെൺകുട്ടിയുടെ സമുദായക്കാരായ ഒരു വിഭാഗം ഇരുവരെയും ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ വിദ്യാർഥിനി യുവാക്കളെ എതിർത്തു. എന്നാൽ, യുവാക്കൾ പെൺകുട്ടിയോട് മാപ്പുപറയാൻ ആവശ്യപ്പെട്ടു. പിന്നീട് പെൺകുട്ടി പൊലീസിൽ പരാതി നൽകി.
ചിക്കബല്ലാപുര എസ്.പി ഡി.എൽ. നാഗേഷ്, വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സംഘത്തെ കണ്ടെത്താൻ പൊലീസിന് നിർദേശം നൽകി. സംസ്ഥാനത്ത് സദാചാര പൊലീസിങ് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ എ.ഡി.ജി.പി അലോക് കുമാർ നിർദേശിച്ചു. സംഭവത്തിൽ പ്രതികൾ അറസ്റ്റിലായതാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.