കേരളത്തിലേക്ക് കർണാടകയുടെ കൂടുതൽ അംബാരി ബസുകൾ സർവിസ് നടത്തും
text_fieldsബംഗളൂരു: കേരളത്തിലേക്ക് കർണാടക ആർ.ടി.സി കൂടുതൽ മൾട്ടി ആക്സിൽ സ്ലീപ്പർ എ.സി ബസ് സർവിസുകൾ തുടങ്ങുന്നു. എറണാകുളത്തേക്ക് അംബാരി ഉത്സവും കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിലേക്ക് അംബാരി ഡ്രീം ക്ലാസ് സർവിസുകളുമാണ് ആരംഭിക്കുന്നത്.പുതിയ ബസുകൾ ലഭിക്കുന്നതോടെ മാസത്തിനുള്ളിൽ സർവിസ് തുടങ്ങാനാണ് പരിപാടി. നിലവിൽ എറണാകുളം, തൃശൂർ എന്നിവിടങ്ങളിലേക്കാണ് വോൾവോയുടെ അംബാരി ഉത്സവ് സർവിസുള്ളത്.ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിലേക്ക് നിലവിൽ സർവിസ് നടത്തുന്ന ഐരാവത് ക്ലബ് ക്ലാസ് സെമി സ്ലീപ്പർ ബസുകൾക്ക് പകരമാണ് സ്ലീപ്പർ ബസുകൾ ഓടിക്കുക. അംബാരി ഡ്രീം ക്ലാസ് സീരിസിലുള്ള 40 ബസുകൾ കർണാടക ആർ.ടി.സി ഓർഡർ ചെയ്തു. ഇതിൽ 20 എണ്ണം കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സർവിസ് ആരംഭിച്ചിരുന്നു.കേരള ആർ.ടി.സി സ്വിഫ്റ്റിന് എട്ട് ഗജരാജ എ.സി സ്ലീപ്പർ ബസ് സർവിസാണ് ബംഗളൂരുവിൽ നിന്നുള്ളത്. ഇതിൽ നാലെണ്ണം വീതം തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കുമാണ് സർവിസ് നടത്തുന്നത്. തിരുവനന്തപുരത്തേക്ക് സീറ്റർ കം സ്ലീപ്പർ വിഭാഗത്തിൽ ഒരു എ.സി, നോൺ എ.സി ബസും സർവിസ് നടത്തുന്നുണ്ട്.
മൂന്ന് ട്രെയിനുകളിൽ കൂടുതൽ കോച്ചുകൾ
കേരളത്തിലേക്കുള്ള മൂന്ന് ട്രെയിനുകളിൽ താൽക്കാലികമായി അനുവദിച്ച അധിക കോച്ചുകൾ സ്ഥിരപ്പെടുത്തിയതായി ദക്ഷിണ, പശ്ചിമ റെയിൽവേ അറിയിച്ചു. കെ.എസ്.ആർ ബംഗളൂരു-കന്യാകുമാരി എക്സ്പ്രസിന് (16525/16526) ഒരു എ.സി തേഡ് ഇക്കോണമി കോച്ചും കെ.എസ്.ആർ ബംഗളൂരു-കണ്ണൂർ എക്സ്പ്രസിന് (16511/16512) ഒരു എ.സി ത്രീ ടയർ, ഒരു സ്ലീപ്പർ കോച്ച് എന്നിവയും യശ്വന്ത്പുര-കൊച്ചുവേളി എ.സി എക്സ്പ്രസിന് (22677/22678) ഒരു ടൂ ടയർ കോച്ചുമാണ് അധികമായി ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.