യാത്രക്കാർ കൂടി, നമ്മ മെട്രോ 318 കോച്ചുകൾ കൂടി വാങ്ങുന്നു
text_fieldsബംഗളൂരു: നമ്മ മെട്രോയിൽ യാത്രക്കാർ കൂടി. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന ശക്തി പദ്ധതി തുടങ്ങിയത് മെട്രോയെ ബാധിച്ചിട്ടില്ല. അതിനിടെ, രണ്ടാം ഘട്ടം വികസനപ്രവൃത്തികൾ നടപ്പാക്കുന്നതിന്റെ ഭാഗമായി 318 കോച്ചുകൾ കൂടി വാങ്ങും.
ഇതിനായി ബി.എം.ആർ.സി 3177 കോടി രൂപയുടെ കരാറിൽ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡുമായി (ബി.ഇ.എം.എൽ) ഒപ്പുെവച്ചു. കെ.ആർ പുരം-വിമാനത്താവളം 37 കിലോമീറ്റർ പാതയിലേക്കുള്ള 126 കോച്ചുകളും സിൽക്ക് ബോർഡ്-കെ.ആർ പുരം 18.2 കിലോമീറ്റർ പാതയിലേക്കുള്ള 96 കോച്ചുകളും കല്ലേന അഗ്രഹാര-നാഗവാര 21.3 കിലോമീറ്റർ പാതയിലേക്കുള്ള 96 കോച്ചുകളുമാണ് കരാറിൽ ഉൾപ്പെടുന്നത്. ഇവയുടെ 15 വർഷത്തെ പരിപാലന ചുമതല ബി.ഇ.എം.എല്ലിനാണ്. 2025 ൽ ബി.എം.ആർ.സിക്ക് കോച്ചുകൾ കൈമാറണം. പുതിയ 10 വന്ദേഭാരത് ട്രെയിനുകളുടെ സ്ലീപ്പർ കോച്ചുകൾ നിർമിക്കുന്നതും ബി.ഇ.എം.എൽ ആണ്. അതേസമയം, നമ്മ മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ കുതിപ്പ് തുടരുന്നു. ജനുവരിയിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം 5.32 ലക്ഷമായിരുന്നത് ജൂലൈയിൽ 6.11 ലക്ഷമായി ഉയർന്നു. ജൂലൈയില്‍ ദിവസേന ശരാശരി 6.11 ലക്ഷം പേരാണ് മെട്രോയില്‍ യാത്ര ചെയ്തത്.
കഴിഞ്ഞ കുറച്ചു മാസംകൊണ്ട് യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുതിപ്പുണ്ടായി. ജനുവരി (5,32,760), ഫെബ്രുവരി (5,21,438), മാര്‍ച്ച് (5,18,795), ഏപ്രില്‍ (5,70,115), മേയ് (5,81,250), ജൂ (6,06,370), ജൂലൈ (6,11,023) എങ്ങനെയാണ് ശരാശരി യാത്രക്കാര്‍.
12 വര്‍ഷം മുമ്പ് സര്‍വിസ് തുടങ്ങിയപ്പോള്‍ ദിവസേന 35,000 യാത്രക്കാരായിരുന്നു മെട്രോയിൽ സഞ്ചരിച്ചിരുന്നത്. പിന്നീട് പാതകള്‍ കൂടിയതോടെയാണ് ഇപ്പോള്‍ ആറു ലക്ഷത്തിന് മുകളില്‍ യാത്രക്കാരായത്. കെ.ആർ പുരം-ബൈയപ്പനഹള്ളി, കെങ്കേരി-ചല്ലഘട്ട പാതകളിൽ ഈ മാസം അവസാനത്തോടെ പൊതുജനങ്ങൾക്കുള്ള സർവിസ് ആരംഭിക്കുന്നതോടെ പ്രതിദിന യാത്രക്കാരുടെ എണ്ണം 7.5 ലക്ഷത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പാതകളിൽ പരീക്ഷണ ഓട്ടം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.