അമ്മയും മകനും തടാകത്തിൽ മരിച്ച നിലയിൽ
text_fieldsമരിച്ച ജയന്തിയും മകൻ ഭരതും
ബംഗളൂരു: ചന്നരായപട്ടണ താലൂക്കിലെ ഹീരിസാവെ ഹോബ്ലിയിൽ യുവാവും മാതാവും തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കബാലി ഗ്രാമത്തിൽ താമസിക്കുന്ന കെ.വി. ജയന്തി (60), മകൻ ഭരത് (35) എന്നിവരാണ് മരിച്ചത്. ഭരതിന്റെ മരണക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. കുടുംബകലഹത്തെത്തുടർന്നുണ്ടായ വിഷാദമാണ് ആത്മഹത്യക്ക് കാരണമെന്നാണ് കുറിപ്പിലെ സൂചന. എട്ടുമാസം മുമ്പാണ് ഭരത് ഗണ്ഡാസി ഹോബ്ലിയിലെ ബാഗൂരനഹള്ളിയിലെ ഗീതയെ വിവാഹം കഴിച്ചത്. ദമ്പതികൾ തമ്മിൽ സ്വരച്ചേർച്ചയില്ലായിരുന്നു. അടുത്തിടെ ഭർത്താവുമായുള്ള വഴക്കിനെത്തുടർന്ന് ഗീത തന്റെ പിതൃഭവനത്തിലേക്ക് പോയിരുന്നു.മധ്യസ്ഥതക്കുശേഷം ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങിയെങ്കിലും വഴക്ക് തുടർന്നു.
മരണക്കുറിപ്പ് കണ്ടെത്തിയ അയൽക്കാർ തടാകക്കരയിൽ ചെന്നുനോക്കിയപ്പോൾ ഭരതിന്റെയും ജയന്തിയുടെയും പാദരക്ഷകൾ കണ്ടെത്തി. വിവരം അറിയിച്ചെത്തിയ അഗ്നിശമന സേന വെള്ളത്തിൽനിന്ന് മൃതദേഹങ്ങൾ പുറത്തെടുത്തു. ഗ്രാമത്തിലെ ഒരു വീടിന് പുറത്തെ സി.സി.ടി.വി കാമറയിൽ അമ്മയും മകനും തമ്മിലുള്ള അവസാന നിമിഷങ്ങൾ പതിഞ്ഞിട്ടുണ്ട്. പുലർച്ച 3.15ഓടെ ഗ്രാമത്തിലെ ക്ഷേത്രത്തിൽ സന്ദർശനം നടത്തുന്നതും തുടർന്ന് തടാകത്തിലേക്ക് നടക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.