പ്രതി ദർശനെ കാണാൻ അമ്മ ജയിലിലെത്തി
text_fieldsബംഗളൂരു: രേണുക സ്വാമി വധക്കേസിൽ പരപ്പ അഗ്രഹാര ജയിലിൽ റിമാൻഡിൽ കഴിയുന്ന കന്നട നടൻ ദർശനെ മാതാവ് മീനയും കുടുംബാംഗങ്ങളും സന്ദർശിച്ചു. വീട്ടുകാരെ കണ്ടപ്പോൾ ദർശൻ വികാരാധീനനായി.
മകനെ കെട്ടിപ്പിടിച്ച് മീനയും കണ്ണീർ പൊഴിച്ചു. തന്റെ അവസ്ഥയോർത്ത് കരയുന്ന അമ്മയെ നടൻ ആശ്വസിപ്പിച്ചു. കൂടിക്കാഴ്ചക്കിടെ ദർശൻ മകൻ വിനീഷിനെ മടിയിലിരുത്തി വാരിപ്പുണർന്നു. സുഹൃത്തുക്കളെപ്പോലെ കഴിഞ്ഞിരുന്ന അച്ഛന്റെയും മകന്റെയും അവസ്ഥ കണ്ട് ദർശന്റെ ഭാര്യ വിജയലക്ഷ്മി വിതുമ്പി.
സഹോദരൻ ദിനകർ തൂഗുദീപ് അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും അടുത്ത നിയമപോരാട്ട വിവരങ്ങൾ കൈമാറുകയും ചെയ്തു. ദർശൻ 10 ദിവസമായി പരപ്പ അഗ്രഹാര ജയിലിൽ കഴിയുകയാണ്. നിരവധി നടന്മാരും നടിമാരും കുടുംബാംഗങ്ങളും സന്ദർശിക്കാൻ എത്തുന്നുണ്ട്.
ജയിൽ നിയമങ്ങൾ നടന് ബാധകമല്ലെന്ന മട്ടിൽ രാജകീയ പരിഗണനയാണ് നൽകുന്നതെന്ന് ആക്ഷേപം ഉയരുന്നുണ്ട്. അതിനിടെ ദർശന്റെ അറസ്റ്റിനോട് ഇതുവരെ മൗനമായിരുന്ന മുൻ എം.പിയായ നടി സുമലത അംബരീഷ് പ്രതികരിച്ചു. ദർശൻ തന്റെ മൂത്ത മകനാണെന്ന് വിശേഷിപ്പിച്ച അവർ ഭഗവദ് ഗീത ഉദ്ധരിച്ച് ഇങ്ങനെ കുറിച്ചു: കഠിന പരീക്ഷണങ്ങൾക്കൊടുവിലാണ് നല്ല നാളുകൾ വരുക; വിശ്വാസത്തിൽനിന്ന് പതറാതെ കാത്തിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.