സിദ്ധരാമയ്യ പ്രതിയായ ഭൂമി ഇടപാട് കേസ്; ‘മുഡ’യിൽ ഇ.ഡി സംഘത്തിന്റെ റെയ്ഡ്
text_fieldsബംഗളൂരു: മൈസൂരു വികസന അതോറിറ്റിയുടെ (മുഡ) മൈസൂരു ഝാൻസി ലക്ഷ്മി ബായി റോഡിലെ ആസ്ഥാനത്ത് വെള്ളിയാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംഘം റെയ്ഡ് നടത്തി. നാസർബാദിൽ മിനി സിവിൽ സ്റ്റേഷനിലെ താലൂക്ക് ഓഫിസും റെയ്ഡ് നടന്നു.
രണ്ടിടങ്ങളിലും 10 പേർ വീതമുള്ള ഇ.ഡി ഉദ്യോഗസ്ഥ സംഘം രാവിലെ 11ന് ഒരേസമയം ആരംഭിച്ച പരിശോധന ഓഫിസ് പ്രവൃത്തി സമയം കഴിഞ്ഞും തുടർന്നു. ‘മുഡ’യിൽ പൊതുജനങ്ങൾക്ക് പ്രവേശനം തടഞ്ഞാണ് പരിശോധന നടത്തിയത്. സി.ആർ.പി.എഫ് ജവാന്മാരുടെ സുരക്ഷാവലയത്തിലായിരുന്നു പരിശോധനകൾ. മുഡ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ചുമത്തിയ കേസന്വേഷണ ഭാഗമാണ് റെയ്ഡുകൾ. കഴിഞ്ഞമാസം 30നാണ് ഇ.ഡി മുഖ്യമന്ത്രിക്കെതിരെ 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. 27ന് ലോകായുക്ത എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണിത്. സിദ്ധരാമയ്യ, ഭാര്യ ബി.എം. പാർവതി, ഭാര്യാ സഹോദരൻ ബി.എം. മല്ലികാർജുന സ്വാമി, ഭൂ ഉടമ ജെ. ദേവരാജു എന്നിവരാണ് കേസിലെ പ്രതികൾ. കേസിനാധാരമായ 14 പ്ലോട്ടുകൾ പാർവതി ‘മുഡ’ക്ക് തിരിച്ചുനൽകിയത് ഏറ്റെടുത്ത് സർക്കാർ ഉത്തരവിറക്കിയിരുന്നു.
മൈസൂരുവിലെ കേസരെ വില്ലേജില്‍ പാർവതിയുടെ പേരിലുണ്ടായിരുന്ന 3.16 ഏക്കർ ഭൂമി ഏറ്റെടുത്തതിന് പകരമായിരുന്നു നഗരവികസന അതോറിറ്റി വിജയനഗറില്‍ 14 പ്ലോട്ടുകള്‍ നല്‍കിയത്. മുഡ ചെയർമാൻ കെ. മാരി ഗൗഡ ബുധനാഴ്ച സ്ഥാനം രാജിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.