ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട്; ലഭിച്ചയുടൻ മുഴുവൻ ‘മുഡ’ ഭൂമി ഇടപാടുകളും റദ്ദാക്കും
text_fieldsബംഗളൂരു: മൈസൂരു വികസന അതോറിറ്റി 50:50 പദ്ധതിയിൽ നടത്തിയ മുഴുവൻ ഭൂമി ഇടപാടുകളും റദ്ദാക്കാൻ വ്യാഴാഴ്ച ചേർന്ന ‘മുഡ’ യോഗം തീരുമാനിച്ചു.
ഇടപാടിലെ ക്രമക്കേട് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച റിട്ട. ഹൈകോടതി ജഡ്ജി ജസ്റ്റിസ് പി.എൻ. ദേശായി കമീഷന്റെ റിപ്പോർട്ട് ലഭ്യമാവുന്ന മുറക്ക് റദ്ദാക്കൽ നടപടിയുണ്ടാവുന്ന് മുഡ ചെയർമാൻ കൂടിയായ മൈസൂരു ജില്ല ഡെപ്യൂട്ടി കമീഷണർ ജി. ലക്ഷ്മികാന്ത റെഡ്ഡി പറഞ്ഞു.
കഴിഞ്ഞ മാസം 16ന് കെ. മാരിഗൗഡയുടെ രാജിയെത്തുടർന്ന് റെഡ്ഡി ചുമതലയേറ്റ ശേഷം ചേർന്ന പ്രഥമ മുഡ യോഗത്തിലാണ് ഐകകണ്ഠ്യേന തീരുമാനം.
ജനപ്രതിനിധികൾ, നാമനിർദേശം ചെയ്തവർ, ഉദ്യോഗസ്ഥർ തുടങ്ങി മുഴുവൻ അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി.എം.പാർവതിക്ക് അവരുടെ ഏറ്റെടുത്ത ഭൂമിക്ക് പകരമായി 50:50 പദ്ധതിയിൽ 14 സൈറ്റുകൾ അനുവദിച്ചതിനെതിരെ ലോകായുക്തക്ക് പരാതി ലഭിച്ചിരുന്നു.
മുഖ്യമന്ത്രിയും ഭാര്യയും ഉൾപ്പെടെ നാലുപേർ പ്രതികളായ ഈ കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. മുഖ്യമന്ത്രിയെ ബുധനാഴ്ച ലോകായുക്ത പൊലീസ് മൈസൂരുവിൽ രണ്ട് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
മുഡയുടെ 2006 മുതൽ 2024 വരെയുള്ള ഭൂമി ഇടപാടുകൾ അന്വേഷിക്കാനാണ് ജസ്റ്റിസ് ദേശായ് കമീഷന് നൽകിയ നിർദേശം. കഴിഞ്ഞ ജൂലൈയിൽ നിയോഗിതനായ അദ്ദേഹത്തിന് റിപ്പോർട്ട് സമർപ്പിക്കാൻ ആറുമാസം കാലാവധിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.