മുഡ കേസ്; ലോകായുക്ത റിപ്പോർട്ട് വിചാരണ കോടതിയിൽ സമർപ്പിച്ചു
text_fieldsമുഖ്യമന്ത്രി സിദ്ധരാമയ്യ
ബംഗളൂരു: മൈസൂരു നഗര വികസന അതോറിറ്റി (മുഡ) ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണ കേസിൽ മൈസൂരു ലോകായുക്തയുടെ അന്വേഷണ റിപ്പോർട്ട് വ്യാഴാഴ്ച ബംഗളൂരുവിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ചു.
മൈസൂരു ലോകായുക്ത എസ്.പി ടി.ജെ. ഉദേഷാണ് 11,000 പേജ് വരുന്ന രഹസ്യ റിപ്പോർട്ട് ജനപ്രതിനിധികൾക്കെതിരായ കേസുകൾ പരിഗണിക്കുന്ന ബംഗളൂരുവിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ചത്. മുഡ കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഭാര്യ ബി.എം. പാർവതി, ഭാര്യാ സഹോദരൻ മല്ലികാർജുന സ്വാമി, മുൻ ഭൂവുടമ ജെ. ദേവരാജു എന്നിവർക്ക് ലോകായുക്ത കഴിഞ്ഞ ദിവസം ക്ലീൻ ചിറ്റ് നൽകിയതിന് പിറകെയാണ് റിപ്പോർട്ട് വിചാരണ കോടതിയിൽ സമർപ്പിച്ചത്.
കേസിൽ സിദ്ധരാമയ്യ ഒന്നാം പ്രതിയും ഭാര്യ പാർവതി, മല്ലികാർജുന സ്വാമി, ദേവരാജു എന്നിവർ യഥാക്രമം രണ്ടു മുതൽ നാലുവരെ പ്രതികളുമാണ്. 50 ലേറെ സാക്ഷിമൊഴികളടങ്ങിയതാണ് പ്രസ്തുത റിപ്പോർട്ട്. അതേസമയം, പ്രതികൾക്കെതിരെ മതിയായ തെളിവുകളില്ലെന്നതാണ് റിപ്പോർട്ടിന്റെ ഉള്ളടക്കം. ഇതുസംബന്ധിച്ച വിവരം കഴിഞ്ഞ ദിവസം പരാതിക്കാരനായ സ്നേഹമയി കൃഷ്ണക്ക് ലോകായുക്ത നൽകിയ മറുപടി കത്തിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം, കേസിൽ മറ്റു ഉദ്യോഗസ്ഥർക്കും റിയൽ എസ്റ്റേറ്റ് ഉടമകൾക്കുമെതിരായ അന്വേഷണം തുടരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.