മുഡ കേസ്; ഭൂമി ഇടപാടിൽ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യം
text_fieldsബംഗളൂരു: മൈസൂരു നഗര വികസന അതോറിറ്റി (മുഡ) ഭൂമി ഇടപാടിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് പരാതിക്കാരിലൊരാളായ ആക്ടിവിസ്റ്റ് സ്നേഷമയി കൃഷ്ണ ഹൈകോടതിയിൽ ആവശ്യപ്പെട്ടു.
മുഡ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ഗവർണർ നൽകിയ വിചാരണ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ സമർപ്പിച്ച ഹരജിയിൽ തിങ്കളാഴ്ച വാദം കേൾക്കവെയാണ് സ്നേഷമയി കൃഷ്ണ ആവശ്യമുന്നയിച്ചത്. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെയാണ് അദ്ദേഹത്തിന്റെ ഭാര്യ പാർവതിക്ക് മൈസൂരു നഗര വികസന അതോറിറ്റി ഭൂമി നൽകിയതെന്നും അതിനാൽ ഇടപാടിൽ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നും സ്നേഷമയി കൃഷ്ണക്കുവേണ്ടി ഹാജരായ അഡ്വ. കെ.ജി. രാഘവൻ കോടതിയോട് അഭ്യർഥിച്ചു.
ഭൂമി ഇടപാടിൽ എന്തെങ്കിലും ക്രമക്കേട് സംശയിക്കുന്നുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട തീരുമാനമെടുത്തതിൽ സിദ്ധരാമയ്യക്ക് ഒരു പങ്കുമില്ലെന്ന് കഴിഞ്ഞ ശനിയാഴ്ച വാദം നടക്കുന്നതിനിടെ, സിദ്ധരാമയ്യയുടെ അഭിഭാഷകനായ അഭിഷേക് മനു സിങ്വി കോടതിയിൽ വാദമുയർത്തിയിരുന്നു. തിങ്കളാഴ്ച ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ സിംഗിൾ ബെഞ്ച് ഹരജി പരിഗണിക്കവെ, എല്ലാ കക്ഷികളും രേഖകൾ ഹാജരാക്കിയെങ്കിലും മുഖ്യമന്ത്രിക്ക് ഈ കേസിലെ പങ്ക് സംബന്ധിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്ന് നിരീക്ഷിച്ചിരുന്നു. ഇതിന് പ്രതികരണമായാണ്, സിദ്ധരാമയ്യയുടെ കാലത്താണ് ഇടപാട് നടന്നതെന്നും അദ്ദേഹത്തിന്റെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടത്. ഭൂമി കൈമാറാനുള്ള തീരുമാനം എടുക്കുന്നത് 2017 ലാണെന്ന് അഡ്വ. രാഘവൻ ചൂണ്ടിക്കാട്ടി. ലേഔട്ട് രൂപപ്പെടുത്താൻ വിജ്ഞാപനം നടത്താത്ത ഭൂമി ഏറ്റെടുത്തതിലെ തെറ്റ് സമ്മതിച്ചാണ് മുഡ പകരം ഭൂമി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് നൽകാൻ തീരുമാനിക്കുന്നത്.
സിദ്ധരാമയ്യയുടെ ഭാര്യാ സഹോദരനാണ് ആദ്യം ഭൂമി വാങ്ങുന്നത്. ഇത് തന്റെ സഹോദരിയായ പാർവതിക്ക് ഇഷ്ടദാനമായി നൽകി. ഈ ഭൂമി മുഡ വികസിപ്പിച്ചു. ഭേദഗതി വരുത്തിയ നിയമത്തിലൂടെ നഷ്ടപരിഹാരം നൽകുകയും ചെയ്തു. ഇതെല്ലാം സംഭവിക്കുന്നത് സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്.
2013 മുതൽ 2018 വരെ അദ്ദേഹം മുഖ്യമന്ത്രിയായിരുന്നെന്നും ഇതാണ് കേസിൽ സിദ്ധരാമയ്യയുടെ പങ്കെന്നും അദ്ദേഹം വാദിച്ചു. അവസാനം എല്ലാവർക്കും ക്ലീൻചിറ്റ് ലഭിക്കുമായിരിക്കാം. എന്നാലും സംശയത്തിന്റെ സൂചന ഒരു പൊതുപ്രവർത്തകനുനേരെ ഉയരുന്നു. അതിനാൽ ഈ കേസ് അഴിമതി തടയൽ നിയമത്തിന്റെ പരിധിയിൽ വരുമെന്നും അദ്ദേഹം വാദമുന്നയിച്ചു. തുടർന്ന് കൂടുതൽ വാദം കേൾക്കുന്നതിനായി കേസ് ബെഞ്ച് സെപ്റ്റംബർ ഒമ്പതിലേക്ക് നീട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.