മുഡ ഭൂമിയിടപാട് കേസ്: മുഖ്യമന്ത്രിയുടെ ഭാര്യയെ ലോകായുക്ത ചോദ്യം ചെയ്തു
text_fieldsബംഗളൂരു: മൈസൂരു നഗര വികസന അതോറിറ്റി (മുഡ) ഭൂമിയിടപാട് കേസിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിയെ ലോകായുക്ത പൊലീസ് വെള്ളിയാഴ്ച ചോദ്യം ചെയ്തു. രണ്ടു മണിക്കൂറിലേറെ ചോദ്യം ചെയ്യൽ നീണ്ടതായി ലോകായുക്ത ഉദ്യോഗസ്ഥർ അറിയിച്ചു.
മുഡ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഒന്നാം പ്രതിയാക്കി സെപ്റ്റംബർ 27നാണ് മൈസൂരു ലോകായുക്ത കേസ് രജിസ്റ്റർ ചെയ്തത്. ഭാര്യ ബി.എം. പാർവതി രണ്ടാം പ്രതിയാണ്. ഭാര്യാ സഹോദരൻ ബി. മല്ലികാർജുന സ്വാമി, വിവാദ ഭൂമിയുടെ പഴയ ഉടമ എ. ദേവരാജ് എന്നിവർ മൂന്നും നാലും പ്രതികളുമാണ്. അഴിമതി ആരോപണത്തിന്റെ പേരിൽ മുഖ്യമന്ത്രിയെ വിചാരണ ചെയ്യാൻ ഗവർണർ അനുമതി നൽകിയതിനെതിരെ സിദ്ധരാമയ്യ ഹൈകോടതിയിൽ നൽകിയ ഹരജി സെപ്റ്റംബർ 24ന് സിംഗ്ൾ ബെഞ്ച് തള്ളിയിരുന്നു. തുടർന്ന്, മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാൻ ജനപ്രതിനിധികൾക്കെതിരായ കേസ് പരിഗണിക്കുന്ന ബംഗളൂരുവിലെ പ്രത്യേക കോടതി സെപ്റ്റംബർ 25ന് ഉത്തരവിട്ടതിന് പിന്നാലെയാണ് മൈസൂരു ലോകായുക്ത കേസെടുത്തത്. മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്തി ഡിസംബർ 24 നകം റിപ്പോർട്ട് സമർപ്പിക്കാനാണ് പ്രത്യേക കോടതി ഉത്തരവ്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിയുടെ പേരിൽ മൈസൂരു കേസരൂരിലുണ്ടായിരുന്ന 3.36 ഏക്കറോളം വരുന്ന ഭൂമിക്ക് പകരം 56 കോടി വിലയുള്ള 14 പ്ലോട്ട് മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി (മുഡ) അനുവദിച്ചെന്നാണ് ആരോപണം. മുഡ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഇ.ഡിയും കേസെടുത്ത് അന്വേഷണമാരംഭിച്ചിരുന്നു.
അതേസമയം, ഗവർണറുടെ വിചാരണ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിദ്ധരാമയ്യ സമർപ്പിച്ച ഹരജി തള്ളിയ ഹൈകോടതി സിംഗ്ൾ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.