‘മുഡ’ ഭൂമി ഇടപാട്: 160 സൈറ്റുകൾ ഇ.ഡി പിടിച്ചെടുത്തു
text_fieldsബംഗളൂരു:മൈസൂരു വികസന അതോറിറ്റി (മുഡ) അഴിമതി അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) 50:50 അനുപാത ഫോർമുല പ്രകാരം നിയമങ്ങൾ ലംഘിച്ച് വിവിധ വ്യക്തികൾക്ക് അനുവദിച്ച 160 സൈറ്റുകൾ പിടിച്ചെടുത്തു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് എല്ലാ സൈറ്റുകളും പിടിച്ചെടുത്തതെന്ന് ഇ.ഡി അധികൃതർ ബുധനാഴ്ച അറിയിച്ചു. വൻ തുകകൾ ഉൾപ്പെട്ട ബിനാമി ഇടപാടുകളുടെ സൂചനകളുണ്ടെന്ന് പറഞ്ഞു.
മാർഗനിർദേശ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഈ സൈറ്റുകളുടെ മൂല്യം 81 കോടി രൂപയാണ്. അവയുടെ വിപണി മൂല്യം 300 കോടി കവിയും. രവി എന്നയാളുടെ പേരിൽ രജിസ്റ്റർ ചെയ്ത 31 സൈറ്റുകളും അബ്ദുൽ വാഹിദിന്റെ പേരിൽ 41 സൈറ്റുകളും കത്തീഡ്രൽ സൊസൈറ്റിയുടെ പേരിൽ 40 സൈറ്റുകളും മറ്റ് വ്യക്തികളുടെ 48 സൈറ്റുകളും ഇ.ഡി പിടിച്ചെടുത്തവയിൽപെടും.
2023 സെപ്റ്റംബർ 11ന് രവിയുടെ പേരിൽ ഒറ്റദിവസം 31 സൈറ്റുകൾ മുഡ രജിസ്റ്റർ ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. ഇതിൽ 12 സൈറ്റുകൾ കുവെമ്പുനഗറിലും 19 സൈറ്റുകൾ ദത്തഗല്ലിയിലും വിജയനഗരയിലുമാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് മൈസൂരുവിൽ വികസിപ്പിച്ചെടുത്ത ഉയർന്ന പ്രദേശങ്ങളാണിവ. അബ്ദുൽ വാഹിദിന്റെ പേരിൽ 25 സൈറ്റുകൾ 2023 മാർച്ച് എട്ടിനും മൂന്നെണ്ണം 2023 ഒക്ടോബർ ഒന്നിനുമാണ് രജിസ്റ്റർ ചെയ്തത്.
സൈറ്റുകൾ കണ്ടുകെട്ടാനുള്ള നടപടികൾ ആരംഭിക്കുന്നതിനായി ഇ.ഡി ജപ്തി ഉത്തരവ് സബ് രജിസ്ട്രാർ ഓഫിസിലേക്ക് അയച്ചിട്ടുണ്ട്. ദശാബ്ദങ്ങളായി കാത്തിരിക്കുന്ന ദരിദ്രർക്കും ഇടത്തരക്കാർക്കുമായി അനുവദിച്ച 3,000 മുതൽ 4,000 വരെ സൈറ്റുകൾ എല്ലാം ലംഘിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അനുയായികൾക്കും മറ്റ് സ്വാധീനമുള്ള വ്യക്തികൾക്കും നൽകിയെന്ന് ഹരജിക്കാരനായ സ്നേഹമയി കൃഷ്ണ തന്റെ പരാതിയിൽ ആരോപിച്ചിരുന്നു.
ജെ.ഡി.എസ് എം.എൽ.എക്കെതിരെ പരാതി
ബംഗളൂരു: മൈസൂരു വികസന അതോറിറ്റി മുഖേന അനധികൃതമായി 19 സൈറ്റുകൾ സമ്പാദിച്ചെന്നാരോപിച്ച് മുൻ മന്ത്രിയും ജെ.ഡി.എസ് എം.എൽ.എയുമായ ജി.ടി. ദേവഗൗഡക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലും (ഇ.ഡി) കർണാടക ലോകായുക്തയിലും പരാതി.
മുഖ്യമന്ത്രി സിദ്ധരാമയ്യ ഒന്നാം പ്രതിയായ മുഡ കേസിൽ ഹരജിക്കാരൻ കൂടിയായ സാമൂഹിക പ്രവർത്തകൻ സ്നേഹമയി കൃഷ്ണയാണ് പരാതി നൽകിയത്.
എം.എൽ.എ ദേവഗൗഡ തന്റെ സഹോദരിയുടെ മകൻ മഹേന്ദ്രയുടെ പേരിൽ ദേവനുരു വില്ലേജിൽ 81/2 സർവേ നമ്പറിലുള്ള ഭൂമി വാങ്ങിയതായി സ്നേഹമയി കൃഷ്ണ പറഞ്ഞു. ഏറ്റെടുക്കലിനുശേഷം ഈ ഭൂമിയുടെ നഷ്ടപരിഹാരം മുഡ നൽകിയിട്ടില്ലെന്നും 50:50 അനുപാതത്തിലുള്ള സ്കീമിന് കീഴിൽ 19 സ്ഥലങ്ങൾ അനധികൃതമായി നേടിയിട്ടുണ്ടെന്നും കൃഷ്ണയുടെ പരാതിയിൽ പറഞ്ഞു.
എം.എൽ.എ ദേവഗൗഡക്ക് അനധികൃതമായി സ്ഥലം അനുവദിച്ചതുമായി ബന്ധപ്പെട്ട് താൻ നേരത്തേതന്നെ നിവേദനം നൽകിയിട്ടുണ്ടെന്നും കൃഷ്ണ വ്യക്തമാക്കി. ആ ഹരജി കൂടാതെ, പുതിയ പരാതിക്കൊപ്പം ആറ് ഫോട്ടോകൾ തെളിവായി സമർപ്പിച്ചു,
അതിൽ എം.എൽ.എ ദേവഗൗഡ പ്രസ്തുത ഭൂമിയുടെ യഥാർഥ ഉടമക്ക് ചെക്ക് കൈമാറുന്നതായി കാണിക്കുന്നു.
ചിത്രത്തിലുള്ളവരെ ചോദ്യം ചെയ്യണമെന്ന് കൃഷ്ണ ആവശ്യപ്പെട്ടു. മൈസൂരു തഹസിൽദാർ ഗൗഡയുടെ സഹോദരിയുടെ മകന്റെ പേരിൽ സെയിൽ ഡീഡ് നടത്തിയെന്നും ഭൂമിയിൽ വീടുകൾ നിർമിച്ചിട്ടും ഇപ്പോഴും കൃഷിഭൂമിയായി തരംതിരിച്ചിരിക്കുകയാണെന്നും പരാതിയിൽ ആരോപിച്ചു. ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് 19 സൈറ്റുകൾ അനധികൃതമായി അനുവദിച്ചത്. ഈ ഭൂമിയിൽ മുഡ ലേഔട്ട് വികസിപ്പിച്ചെടുത്തു.
ഇതു വകവെക്കാതെ തഹസിൽദാരും മറ്റ് അധികാരികളും ഇതു കൃഷിഭൂമിയായി പ്രഖ്യാപിക്കുകയും എം.എൽ.എ ദേവഗൗഡക്ക് സ്ഥലം അനുവദിക്കുകയുമായിരുന്നു.
മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുമായി അടുത്ത ബന്ധം പുലർത്തുന്ന എം.എൽ.എ ജി.ടി ദേവഗൗഡ മുഡ കുംഭകോണം പുറത്തുവന്നത് മുതൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി അടുക്കാനാണ് ശ്രമിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.