‘മുഡ’ അഴിമതി ഉയർത്തി ബി.ജെ.പി പ്രതിഷേധം
text_fieldsബംഗളൂരു: കർണാടക നിയമസഭയുടെ വർഷകാല സമ്മേളനം ഒരുദിവസം നേരത്തേ പിരിഞ്ഞു. ഈ മാസം 15ന് തുടങ്ങി ഇന്ന് അവസാനിക്കേണ്ട സമ്മേളനം ഇന്നലെ പിരിയുകയായിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് ഭൂമി അനുവദിച്ചുവെന്ന ആരോപണം ഉൾപ്പെടെ മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റിയുടെ (മുഡ) വിവാദ ഭൂമി ഇടപാടിനെക്കുറിച്ച് ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി, ജെ.ഡി.എസ് അംഗങ്ങളുടെ പ്രതിഷേധം അതിരുവിട്ട സാഹചര്യത്തിലാണ് സ്പീക്കർ യു.ടി. ഖാദറിന്റെ നടപടി. സഭ സമ്മേളനം അനിശ്ചിത കാലത്തേക്ക് പിരിയുന്നതായി ഒറ്റവരിക്കുറിപ്പ് സ്പീക്കർ വായിച്ചു.
നിയമം അനുസരിക്കുന്ന രീതിയിലല്ല പ്രതിപക്ഷ അംഗങ്ങൾ സഭയിൽ പെരുമാറിയതെന്ന് സഭ പിരിഞ്ഞശേഷം സ്പീക്കർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അവർ ആവശ്യപ്പെട്ട വാല്മീകി കോർപറേഷൻ അഴിമതി ഉൾപ്പെടെ ഈ സമ്മേളനം ചർച്ച ചെയ്തിട്ടുണ്ട്. സുപ്രധാന ബില്ലുകൾ അംഗീകരിക്കേണ്ട സമ്മേളനമാണിതെന്ന് സ്പീക്കർ പറഞ്ഞു.
മുഡ അഴിമതി ചർച്ചചെയ്യണം എന്ന ആവശ്യം സ്പീക്കർ കഴിഞ്ഞ ദിവസം തള്ളിയതിനെത്തുടർന്ന് ബി.ജെ.പി സഭയിൽ രാപ്പകൽ സമരത്തിലായിരുന്നു. സഭയിൽ ഭജന ചൊല്ലുന്നിടംവരെ എത്തി. ഇന്നലെ പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിൽ ഇറങ്ങി നടത്തിയ ധർണയും മുദ്രാവാക്യം വിളിയും സൃഷ്ടിച്ച ബഹളങ്ങൾക്കിടെയാണ് സഭ നേരത്തേ പിരിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.