‘മുഡ’ അഴിമതി ആരോപണം; മുഖ്യമന്ത്രി രാജിവെക്കണമെന്ന്
text_fieldsബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ട് കർണാടകയിൽനിന്നുള്ള ബി.ജെ.പി, ജെ.ഡി.എസ് ലോക്സഭ, രാജ്യസഭ അംഗങ്ങൾ വെള്ളിയാഴ്ച ഡൽഹിയിൽ പ്ലക്കാർഡേന്തി സമരം നടത്തി. മൈസൂരു വികസന അതോറിറ്റി (മുഡ) മുഖേന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് അനധികൃതമായി ഭൂമി അനുവദിച്ചെന്ന ആരോപണമാണ് കർണാടക നിയമസഭയും കടന്ന് ഡൽഹിയിലെത്തിച്ചത്.
കർണാടക കോൺഗ്രസ് ഭരണത്തിൽ അഴിമതി കൊഴുക്കുമ്പോൾ രാഹുൽ ഗാന്ധി എവിടെയാണെന്ന് എം.പിമാർ മുദ്രാവാക്യം മുഴക്കി. ‘അഴിമതി വീരൻ സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കുക’ എന്ന് ആവശ്യപ്പെട്ടാണ് മുദ്രാവാക്യം വിളികൾ.
മുൻ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മുൻ ഉപമുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ, മുൻ ഉപമുഖ്യമന്ത്രി ഗോവിന്ദ് കർജോൾ, പി.സി. മോഹൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. കർണാടക നിയമസഭയുടെ വർഷകാല സമ്മേളനം മുഡ അഴിമതി ഉയർത്തി പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തെത്തുടർന്ന് വ്യാഴാഴ്ച ഒരു ദിവസം നേരത്തേ പിരിഞ്ഞിരുന്നു. ഈ മാസം 15ന് തുടങ്ങി വെള്ളിയാഴ്ചയാണ് അവസാനിക്കേണ്ടിയിരുന്നത്.
മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി (‘മുഡ’)യുടെ വിവാദ ഭൂമി ഇടപാടിനെക്കുറിച്ച് ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി, ജെ.ഡി.എസ് അംഗങ്ങളുടെ പ്രതിഷേധം അതിരുവിട്ട സാഹചര്യത്തിലായിരുന്നു സ്പീക്കർ യു.ടി. ഖാദറിന്റെ നടപടി. മുഡ അഴിമതി ചർച്ച ചെയ്യണമെന്ന ആവശ്യം സ്പീക്കർ തള്ളിയതിനെത്തുടർന്ന് ബി.ജെ.പി സഭയിൽ രാപകൽ സമരത്തിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.