‘മുഡ’ ഭൂമി ഇടപാട്: മുഖ്യമന്ത്രിക്ക് എതിരെ പ്രത്യേക കോടതിയിൽ സ്വകാര്യ ഹരജി
text_fieldsബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് എതിരെ വ്യാഴാഴ്ച ജനപ്രതിനിധികൾക്കായുള്ള ബംഗളൂരു പ്രത്യേക കോടതിയിൽ സ്വകാര്യ ഹരജി ഫയൽ ചെയ്തു. മൈസൂരു വികസന അതോറിറ്റി (മുഡ) ഭൂമി ഇടപാടിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നും സ്വതന്ത്ര അന്വേഷണം സാധ്യമാവാൻ സി.ബി.ഐയെ ഏൽപിക്കണം എന്നും ആവശ്യപ്പെട്ടാണ് ഹരജി. മൈസൂരുവിലെ സാമൂഹിക പ്രവർത്തകൻ സ്നേഹമയ് കൃഷ്ണയാണ് ഹരജി നൽകിയത്.
സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് മുഡ മുഖേന അനധികൃതമായി ഭൂമി കൈമാറി എന്ന് ആരോപിച്ച് മുഖ്യമന്ത്രിയുടെ രാജി ആവശ്യവുമായി ബി.ജെ.പി -ജെ.ഡി.എസ് സഖ്യം പദയാത്ര തുടരുകയാണ്. ഭൂമി വിഷയത്തിൽ വിശദീകരണം തേടി ഗവർണർ മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഇത് പിൻവലിക്കണം എന്ന മന്ത്രിസഭയുടെ നിർദേശം ഇതുവരെ ഗവർണർ അംഗീകരിച്ചിട്ടില്ല.
തന്നെയും മുഖ്യമന്ത്രിയെയും ജയിലിലടക്കാൻ ഗൂഢാലോചന നടക്കുകയാണെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യാഴാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചർച്ച നടത്തിയ കാര്യം ഡി.കെ. ശിവകുമാർ സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.