മുഡ കേസ്: ഗവർണർക്കെതിരായ മുഖ്യമന്ത്രിയുടെ ഹരജിയിൽ തിങ്കളാഴ്ച വാദം തുടരും
text_fieldsബംഗളൂരു: മൈസൂരു നഗര വികസന അതോറിറ്റി (മുഡ) ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ഗവർണർ നൽകിയ വിചാരണ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ സമർപ്പിച്ച ഹരജിയിൽ ഹൈകോടതിയിൽ തിങ്കളാഴ്ചയും വാദം തുടരും. ശനിയാഴ്ച ജസ്റ്റിസ് എം.എ. നാഗപ്രസന്ന അധ്യക്ഷനായ സിംഗ്ൾ ബെഞ്ച് ഹരജി പരിഗണിക്കവെ, ഗവർണർക്കുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരായി വാദമുന്നയിച്ചു.
ഗവർണർക്ക് തീരുമാനമെടുക്കാൻ മന്ത്രിസഭയുടെ ഉപദേശം ആവശ്യമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്ക് ഗവർണർ നൽകിയ കാരണംകാണിക്കൽ നോട്ടീസിന് ചീഫ് സെക്രട്ടറി നൽകിയ മറുപടിയുടെ ‘കോപ്പി പേസ്റ്റ്’ ആണ് അഡ്വക്കറ്റ് ജനറൽ ഹരജിക്കാരനുവേണ്ടി സമർപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം വാദിച്ചു. ഓരോ പേജും ഓരോ പാരഗ്രാഫും അതുപോലെ പകർത്തിയിരിക്കുകയാണ്.
രാജ്യത്തിന്റെ ഐ.ടി തലസ്ഥാനമാണ് ബാംഗ്ലൂർ. ചുരുങ്ങിയപക്ഷം ഈ കോപ്പി നന്നാക്കാൻ അവർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായമെങ്കിലും തേടാമായിരുന്നെന്ന് സോളിസിറ്റർ ജനറൽ പരിഹസിച്ചു. സിദ്ധരാമയ്യക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ മനിന്ദർ സിങ് ഹാജരായി. ഹരജിയിൽ തിങ്കളാഴ്ചയും വാദം തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.