മുഡ ഭൂമി വിവാദം; സിദ്ധരാമയ്യക്ക് മുന്നിൽ ഇനിയെന്ത്?
text_fieldsബംഗളൂരു: മുഡ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ ഗവർണറുടെ വിചാരണ അനുമതിക്ക് ഹൈകോടതി സിംഗിൾ ബെഞ്ച് പച്ചക്കൊടി കാട്ടിയതോടെ നിയമക്കുരുക്കിലേക്ക് നീങ്ങുകയാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.
അഴിമതി കേസിൽ വിവിധ അന്വേഷണ ഏജൻസികൾക്ക് ഉടൻ കേസ് രജിസ്റ്റർ ചെയ്യാനുള്ള സാധ്യത തെളിയുന്നു. സിദ്ധരാമയ്യക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരനായ ടി.ജെ. അബ്രഹാം കർണാടക ലോകായുക്തയെ സമീപിച്ചിരുന്നു. ജനപ്രതിനിധികൾക്കെതിരായ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിലും ഹരജികൾ ഫയൽ ചെയ്തിട്ടുണ്ട്.
ഹൈകോടതി വിധിക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷ പാർട്ടിയായ ബി.ജെ.പി, കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു. കർണാടകയിലെ രാഷ്ട്രീയ സാഹചര്യത്തിൽ, ഏതുരീതിയിലും മുഖ്യമന്ത്രിക്കെതിരെ കുരുക്ക് മുറുകാമെന്നതാണ് സ്ഥിതി.
അതേസമയം, സിദ്ധരാമയ്യയുടെ ഹരജി തള്ളിയത് ഹൈകോടതി സിംഗിൾ ബെഞ്ചായതിനാൽ ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകാനാവും. അടിയന്തരമായി ഹരജി പരിഗണിച്ച് സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഇടക്കാല സ്റ്റേ വാങ്ങാനാവും സിദ്ധരാമയ്യയുടെ നിയമസംഘത്തിന്റെ ശ്രമം.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം
ബംഗളൂരു: മൈസൂരു നഗരവികസന അതോറിറ്റി (മുഡ) ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ വിചാരണ അനുമതിക്കെതിരായ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഹരജി ഹൈകോടതി സിംഗിൾ ബെഞ്ച് തള്ളിയതോടെ മുഖ്യമന്ത്രിയുടെ രാജിക്കായി പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷ പാർട്ടികളായ ബി.ജെ.പിയും ജെ.ഡി-എസും.
ഹൈകോടതി വിധിക്ക് പിന്നാലെ സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ട് കർണാടകയിലുടനീളം ബി.ജെ.പിയുടെ നേതൃത്വത്തിൽ പ്രകടനങ്ങൾ നടന്നു. തലസ്ഥാന നഗരിയായ ബംഗളൂരുവിന് പുറമെ, സിദ്ധരാമയ്യയുടെ ജില്ലയായ മൈസൂരുവിലും ഹുബ്ബള്ളി, ദക്ഷിണ കന്നട, ബെളഗാവി, മാണ്ഡ്യ, ഉഡുപ്പി തുടങ്ങിയയിടങ്ങളിലും പ്രകടനം അരങ്ങേറി.
ഗവർണർ താവർചന്ദ് ഗഹ്ലോട്ട് പുറപ്പെടുവിച്ച വിചാരണ ഉത്തരവ് നിയമപരമാണെന്ന് ഹൈകോടതി വിധിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ഉടൻ രാജിവെക്കണമെന്നും കർണാടക ബി.ജെ.പി അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര ആവശ്യപ്പെട്ടു. മല്ലേശ്വരത്തെ ബി.ജെ.പി ഓഫിസിൽ നടന്ന വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണർക്കെതിരായ ആരോപണങ്ങൾ മുഖ്യമന്ത്രി മാറ്റിവെച്ച്, ഹൈകോടതി വിധിയെ മാനിക്കാൻ തയാറാവണം. മുഖ്യമന്ത്രിയുടെ കുടുംബം ഉൾപ്പെട്ട കേസായതിനാൽ പദവി രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്ന് വിജയേന്ദ്ര പറഞ്ഞു.
മുഡ ഭൂമി ഇടപാട് കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി ആവശ്യപ്പെട്ടു. മുഡ ഇടപാടിൽ ആയിരത്തോളം സൈറ്റുകൾ മറ്റു പലർക്കും അനധികൃതമായി നൽകിയിട്ടുണ്ട്. അതിൽ കൂടുതലും അടുത്തിടെ ഏതാനും മാസങ്ങൾക്കിടെയാണ് കൈമാറിയത്. എല്ലാം അന്വേഷണവിധേയമാക്കണമെന്ന് ജോഷി പറഞ്ഞു. അന്വേഷണം നിഷ്പക്ഷമാവാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.