മുഡ മുൻ കമീഷണർ നടേഷ് ഇ.ഡി കസ്റ്റഡിയിൽ
text_fieldsബംഗളൂരു: മൈസൂരു നഗര വികസന അതോറിറ്റി (മുഡ) ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുൻ മുഡ കമീഷണർ ഡി.ബി. നടേഷിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കസ്റ്റഡിയിലെടുത്തു.
22 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനും അദ്ദേഹത്തിന്റെ മല്ലേശ്വരത്തെ വസതിയിൽ നടത്തിയ റെയ്ഡിനും പിന്നാലെയാണ് ഇ.ഡി സംഘം നടേഷിനെ കസ്റ്റഡിയിലെടുത്തത്. അദ്ദേഹത്തെ ശാന്തിനഗറിലെ ഇ.ഡി ഓഫിസിലേക്ക് കൊണ്ടുപോയി. ബുധനാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് വിവരം. നടേഷ് മുഡ കമീഷണറായിരിക്കെയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിയുടെ പേരിൽ 14 സൈറ്റുകൾ രജിസ്റ്റർ ചെയ്തു നൽകിയത്.
ഇടപാടിൽ തനിക്കൊരു പങ്കുമില്ലെന്നായിരുന്നു മുഡ മുൻ കമീഷണറുടെ വാദം. സർക്കാർ ഉത്തരവ് അനുസരിക്കുക മാത്രമാണ് താൻ ചെയ്തത്. 50:50 അനുപാത സ്കീമിൽ തെറ്റൊന്നുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം ഇ.ഡിയെ അറിയിച്ചു. അതേസമയം, മറ്റൊരു മുൻ കമീഷണറായ ജി.ടി. ദിനേശ് കുമാർ ഒളിവിലാണ്. തിങ്കളാഴ്ച രാവിലെ നടക്കാനിറങ്ങിയ അദ്ദേഹം, ഇ.ഡി സംഘം വീട്ടിലെത്തിയതറിഞ്ഞ് മുങ്ങുകയായിരുന്നു. 24 മണിക്കൂർ അദ്ദേഹത്തിന്റെ വസതിയിൽ കാത്തുനിന്ന ഇ.ഡി സംഘം ഒടുവിൽ ദിനേശ് കുമാറിന്റെ ഭാര്യയുടെ പക്കൽ സമൻസ് കൈമാറി മടങ്ങി.
മൈസൂരുവിൽ ഇ.ഡി സംഘം ചൊവ്വാഴ്ചയും റെയ്ഡ് തുടർന്നു. കെട്ടിട നിർമാതാവായ ജയറാമിന്റെ ഓഫിസിലും വീട്ടിലുമായിരുന്നു തിരച്ചിൽ. മുഡ കമീഷണറുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ജയറാമിന് പല സൈറ്റുകളും അനുവദിച്ചു നൽകിയതായാണ് ഇ.ഡിയുടെ കണ്ടെത്തൽ. ജയറാം നടത്തുന്ന മൈസൂരുവിലെ വക്രതുണ്ഡ ഹൗസ് ബിൽഡിങ് കോഓപറേറ്റിവ് സൊസൈറ്റി ഓഫിസിലും ഇ.ഡി സംഘം റെയ്ഡ് നടത്തി. 20ഓളം കെട്ടിട നിർമാതാക്കളടക്കമുള്ളവർ ഇ.ഡി ലിസ്റ്റിലുണ്ടെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.